ഗാന്ധിനഗര്‍: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് പിന്നാലെ ഗുജറാത്തില്‍ 73 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്ത്. 4.34 കോടി ആളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു.
മരിച്ചവര്‍, സ്ഥിരതാമസമില്ലാത്തവര്‍, ഒന്നിലധികം സ്ഥലങ്ങളിലെ പട്ടികയില്‍ പേര് ഉള്‍പ്പെട്ടവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍ എന്നിവരെയാണ് ഒഴിവാക്കിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
പരിഷ്‌കരണം ആരംഭിക്കുന്നതിന് മുമ്പ് ഗുജറാത്തില്‍ 5,08,43,436 വോട്ടര്‍മാരുണ്ടായിരുന്നു, എന്നാല്‍ കരട് പട്ടിക അന്തിമമാക്കിയതിനുശേഷം, അത് 4,34,70,109 ആയി മാറി.
ഗുജറാത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ഹരിത് ശുക്ലയാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
‘73,73,327 പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 18,07,278 ആളുകള്‍ മരണപ്പെട്ടവരാണ്. 40,25,533 പേര്‍ സ്ഥിരമായി താമസം മാറിയവരാണ്. 9,69,662 പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
3,81,470 പേര്‍ ഒന്നിലധികം തവണ പേര്‍ രജിസ്റ്റര്‍ ചെയ്തവാണ്. മറ്റ് കാരണങ്ങളാല്‍ 1,89,364 പേരും ഒഴിവാക്കപ്പെട്ടു,’ ഹരിത് ശുക്ല വിശദീകരിക്കുന്നു. എന്നാല്‍ എന്താണ് മറ്റ് കാര്യങ്ങള്‍ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.
ഗുജറാത്തിലിലുടനീളം 33 ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, 182 വോട്ടര്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, 855 അസിസ്റ്റന്റ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, 50,963 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ), 54,443 ബൂത്ത് ലെവല്‍ ഏജന്റുമാര്‍ (ബി.എല്‍.എ), 30,833 വളണ്ടിയര്‍മാര്‍ തുടങ്ങിയവരെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി നിയമിച്ചിട്ടുണ്ടെന്ന് ഹരിത് ശുക്ല വ്യക്തമാക്കി.
തുടര്‍ച്ചയായ വീടുതോറുമുള്ള സര്‍വേകള്‍ക്കും ഡോക്യുമെന്റേഷന്‍ പരിശോധനകള്‍ക്കും ശേഷമാണ് വോട്ടുകള്‍ ഇല്ലാതാക്കിയതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2026 ജനുവരി 18 വരെ വോട്ടര്‍ പട്ടികയെ സംബന്ധിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും എതിര്‍പ്പുകളും അറിയിക്കാം. ഫെബ്രുവരി പത്തോടെ എല്ലാ അപേക്ഷകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തീര്‍പ്പാക്കും. ഫെബ്രുവരി 17നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

