കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ 10.30-നും വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30-നും നടക്കും. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27-ന് രാവിലെ 10.30-നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക്‌ശേഷം 2.30-നും നടക്കും.
ജില്ലാ പഞ്ചായത്ത് വരണാധികാരിയായി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ഇതിനുള്ള ചുമതല. നഗരസഭകളിൽ ഇതിനായി വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ സ്ഥാനാർഥിയെ ഒരാൾ നാമനിർദേശം ചെയ്യേണ്ടതും മറ്റൊരാൾ പിന്താങ്ങേണ്ടതുമാണ്. സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തിനെ മറ്റൊരാൾ നാമനിർദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും.
തിരഞ്ഞെടുപ്പ് യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കും. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റും. രണ്ട് സ്ഥാനാർഥികൾ മാത്രമുള്ളപ്പോൾ കൂടുതൽ വോട്ടുകൾ നേടിയ ആൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. രണ്ടു പേർക്കും തുല്യ വോട്ടാണെങ്കിൽ നറുക്കെടുപ്പ് നടത്തും.
രണ്ടിലധികം പേർ മത്സരിക്കുമ്പോൾ വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് മറ്റെല്ലാ സ്ഥാനാർഥികൾക്കും കൂടി കിട്ടിയ ആകെ സാധുവായ വോട്ടിനെക്കാൾ കൂടുതൽ ലഭിച്ചാൽ അയാൾ തിരഞ്ഞെടുക്കപ്പെടും. എന്നാൽ, അപ്രകാരം ഒരു സ്ഥാനാർഥിക്കും വോട്ട് ലഭിക്കാതിരുന്നാൽ ഏറ്റവും കുറച്ച് വോട്ട് ലഭിച്ച സ്ഥാനാർഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും. മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടായിരിക്കുകയും അതിൽ ഏറ്റവും കുറവ് വോട്ട് രണ്ടോ അതിലധികമോ പേർക്ക് തുല്യമായി ലഭിക്കുകയും ചെയ്താൽ നറുക്കെടുപ്പ് നടത്തി നറുക്കെടുക്കപ്പെടുന്ന ആളിനെ ഒഴിവാക്കി തിരഞ്ഞെടുപ്പ് തുടരും അതുപോലെ മൂന്നോ അതിലധികമോ സ്ഥാനാർഥികൾക്ക് തുല്യവോട്ട് ലഭിക്കുന്നുവെങ്കിൽ ഇതേ രീതിയിൽ ഒരാളെ നറുക്കെടുപ്പിലൂടെ ഒഴിവാക്കി വോട്ടെടുപ്പ് തുടരും. സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കുവാനോ വോട്ടു ചെയ്യാനോ അവകാശമില്ല.

