തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14-ന് പ്രസിദ്ധീകരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. വാര്‍ഡുവിഭജനത്തിനുശേഷം ആകെ 23,612 വാര്‍ഡുകളാണുള്ളത്. മുന്‍പ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായി ഉള്‍ക്കൊണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജീവന്മരണപ്പോരാട്ടമായി ഏറ്റെടത്തിരിക്കുകയാണ്് മുന്നണികള്‍. നേരത്തെ സ്ഥാനര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് മുന്നിലോടുന്നുണ്ട്. സര്‍ക്കാരിന്റെ വികസനനേട്ടം പ്രചാരണായുധമാക്കി ഇറങ്ങാനാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. നിയമസഭയില്‍ എട്ടുസീറ്റെങ്കിലും ലക്ഷ്യമിടുന്ന എന്‍ഡിഎ ആദ്യപടിയായി തദ്ദേശതിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടും സീറ്റും ഉറപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്.

