വോട്ടർപ്പട്ടിക പരിഷ്കരണം; ബിഎൽഒമാർ നാളെ മുതൽ വീടുകളിലേക്ക്, ഡിസം. 4 വരെ വിവരശേഖരണം

0
6

തിരുവനന്തപുരം: വോട്ടർ പട്ടികപരിഷ്കരണത്തിന് വിവരംതേടി ബിഎൽഒമാർ ചൊവ്വാഴ്ചമുതൽ വീടുകളിലെത്തിത്തുടങ്ങും. ഡിസംബർ നാലുവരെയാണ് വിവരശേഖരണം. ഈഘട്ടത്തിൽ രേഖകളൊന്നും നൽകേണ്ടതില്ല.

ഡിസംബർ ഒമ്പതിന് പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി ഏഴിനും. തദ്ദേശതിരഞ്ഞെടുപ്പിന് സമാന്തരമായുള്ള പട്ടിക പരിഷ്കരണം മാറ്റണമെന്ന രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യം നിലനിൽക്കേയാണ് കേരളത്തിൽ വോട്ടർപട്ടിക പരിഷ്കരണം (എസ്‌ഐആർ) നടത്തുന്നത്.

രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേകർക്ക് എന്യൂമറേഷൻ ഫോറം കൈമാറി എസ്‌ഐആറിന് തുടക്കമിട്ടിരുന്നു. കേരളപ്പിറവിദിനത്തിൽ തിരുവനന്തപുരം കുറ്റിച്ചൽ പൊടിയം ഉന്നതിയിൽനിന്നാണ് ആദ്യ എന്യൂമറേഷൻഫോറം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ യു. രത്തൻ കേൽക്കർ സ്വീകരിച്ചത്. അരുവിക്കരയിലെ ബിഎൽഒ ശരണ്യയുടെ നേതൃത്വത്തിൽ ഉന്നതിയിലെ ജയ സംസ്ഥാനത്താദ്യമായി എന്യൂമറേഷൻഫോറം പൂരിപ്പിച്ചുനൽകി.

2025 ഒക്ടോബർ ഏഴിലെ പട്ടികയിലുള്ള എല്ലാവോട്ടർക്കും ബിഎൽഒ രണ്ട്‌ എന്യൂമറേഷൻ ഫോറം നൽകും. ഒരെണ്ണം പൂരിപ്പിച്ച് നൽകണം. ഒരെണ്ണം സൂക്ഷിക്കാം. ഫോറം പൂരിപ്പിക്കുന്നതിനും ഓൺലൈനായി അപ് ലോഡ് ചെയ്യുന്നതിനും ബിഎൽഒയുടെ സഹായം കിട്ടും.

കളർഫോട്ടോയുണ്ടെങ്കിൽ അതും ഉൾപ്പെടുത്താം. ബിഎൽഒയ്‌ക്കൊപ്പം രാഷ്ട്രീയപ്പാർട്ടികൾ ചുമതലപ്പെടുത്തുന്ന ബൂത്ത് ലെവൽ ഏജന്റും (ബിഎൽഎ) വേണമെന്നാണ് നിർദേശം.

എസ്‌ഐആർ സമയപ്പട്ടിക

• നവംബർ 4 – ഡിസംബർ 4: വീടുകളിൽ ഫോറം വിതരണം, വിവരശേഖരണം.

• ഡിസംബർ 9 – കരടുവോട്ടർപട്ടിക

• ഡിസംബർ 9-ജനുവരി 08: ആക്ഷേപങ്ങളും പരാതികളും നൽകാം

• ഡിസംബർ 9-ജനുവരി 31: ഹിയറിങ്,രേഖകളുടെ പരിശോധന

• ഫെബ്രുവരി 7: അന്തിമ വോട്ടർപട്ടിക

ഓർക്കുക

• 2002-ലെ വോട്ടർപട്ടികയാണ് എസ്‌ഐആറിന് അടിസ്ഥാനം

• 2002-ലെയും 2025-ലെയും പട്ടികയിലുള്ളവർ എന്യൂമറേഷൻ ഫോറംഒപ്പിട്ട് നൽകിയാൽ മതി. രേഖകളൊന്നും നൽകേണ്ട

• 2025-ലെ പട്ടികയിൽ ഉൾപ്പെട്ടവരും 2002-ലെ പട്ടികയിൽ ഇല്ലാത്തവരും: ഇവരുടെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ 2002-ലെ പട്ടികയിലുണ്ടെങ്കിൽ രേഖകൾ നൽകേണ്ട

• വ്യക്തിയോ മാതാപിതാക്കളോ 2002-ലെ പട്ടികയിൽ ഇല്ലെങ്കിൽ കമ്മിഷൻ പറയുന്ന 12 രേഖകളിലൊന്ന് നൽകണം

LEAVE A REPLY

Please enter your comment!
Please enter your name here