കുമ്പള∙ ദേശീയപാത ആരിക്കാടിയിൽ ടോൾ ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ കോടതിയിൽ ആക‍്ഷൻ കമ്മിറ്റി നൽകിയ ഹർജിയിലെ അന്തിമ വിധി വരാനിരിക്കെ നിർമാണം പൂർത്തിയാക്കിയ ടോൾ ഗേറ്റിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ടോൾ ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ ആക‍്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ദിവസങ്ങളോളം നടത്തിയ പ്രതിഷേധങ്ങൾക്കിടെ പൊലീസ് സംരക്ഷണയിലാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്.
ക്യാമറകളും വാഹനം കടന്നുപോകുന്നതിനുള്ള ലൈനുകളും ഉൾപ്പെടെ ഒരുക്കി. ടോൾ ഗേറ്റിന്റെ സമീപത്തായി ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ പോക്കു വരവിനായി ഇരു ഭാഗങ്ങളിലുമായി പ്രത്യേക ലൈനുകളാണു തയാറാക്കിയത്. ചുങ്കം പിരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ അനുമതിക്കായി ദേശീയപാത അതോറിറ്റി കാത്തിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ 28നു കോടതി പരിഗണിക്കേണ്ട ഹർജി നാളത്തേക്കു മാറ്റിവച്ചതായി ആക‍്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കോടതിയുടെ അന്തിമ വിധി വരുന്നതിനു മുൻപേ ടോൾ ഗേറ്റിന്റെ നിർമാണം പൂർത്തിയാക്കാനാണു ദേശീയപാത അധികൃതർ നിർമാണ കമ്പനിയോടു നിർദേശിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്. കോടതി വിധി ആക‍്ഷൻ കമ്മിറ്റിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാർക്കുള്ളത്. അല്ലെങ്കിൽ ഇരുഭാഗങ്ങളിലേക്കും വാഹനങ്ങളുമായി പോകുമ്പോൾ ടോളിനായി വൻതുക നൽകേണ്ടി വരുമെന്ന് ആശങ്കയാണ് നാട്ടുകാർക്കുള്ളത്.
ഇതു സമീപവാസികളെയാണ് ഏറെ ബാധിക്കുക. ടോൾ പ്ലാസ നിലവിൽ തലപ്പാടിയിൽ ആണ്. അവിടെ നിന്നു ആരിക്കാടിയിലേക്ക് 22 കിലോമീറ്റർ മാത്രമാണുള്ളത്. ഇത്രയും ദൂരത്ത് 2 ടോൾ പ്ലാസകൾ പാടില്ലെന്നു നിയമം ഉണ്ടായിരിക്കെയാണ് ദേശീയപാത തലപ്പാടി– ചെർക്കള ഒന്നാം ഘട്ട നിർമാണ പ്രവൃത്തി പൂർത്തിയായതോടെ ടോൾ ഗേറ്റ് നിർമിക്കാൻ നടപടി അധികൃതർ തുടങ്ങിയത്. ഇതിനെതിരെയാണ് ആക‍്ഷൻ കമ്മിറ്റി കോടതിയെ സമീപിച്ചത്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് ദേശീയപാത അതോറിറ്റി ടോൾ പ്ലാസ പണിയാൻ നിർമാണക്കമ്പനിക്ക് നിർദേശം നൽകിയതെന്ന് ആരോപണമുണ്ട്.
ആരിക്കാടിയിലെ ടോൾ പ്ലാസ താൽക്കാലികമാണ് എന്നാണു ദേശീയപാത അതോറിറ്റിയുടെ വാദം. ദേശീയപാത രണ്ടാം റീച്ചിലെ ടോൾ പ്ലാസ നിർമാണ പ്രവൃത്തി പൂർത്തിയാകുന്നതു വരെ ആരിക്കാടിയിൽ നിന്നു ചുങ്കം പിരിക്കാനാണു ദേശീയപാത അതോറിറ്റിയുടെ നിലവിലെ തീരുമാനം. ഇതു കുമ്പള, മംഗൽപാടി,മഞ്ചേശ്വരം, മൊഗ്രാൽപുത്തൂർ, ഉൾപ്പെടെയുള്ള പഞ്ചായത്തുകളുടെ പരിധിയിലെ വ്യാപാരികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനു വാഹനയുടമകൾക്കാണ് ഏറെ ദുരിതമാകുന്നത്.

