മംഗൽപ്പാടി പഞ്ചായത്തിൽ റിട്ട. ഉദ്യോഗസ്ഥനെ ഉപയോഗിച്ച് വ്യാപകമായി വോട്ടുകൾ തള്ളുന്നതായി പരാതി; എൽ.ഡി.എഫ് സമരത്തിന്

0
7

കുമ്പള.മംഗൽപ്പാടി പഞ്ചായത്തിൽ പരാജയഭീതി മുന്നിൽ കണ്ട് മുസ് ലിം ലീഗ് തെറ്റായ രീതിയിൽ ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണെന്ന് എൽ.ഡി.എഫ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

വാർഡുകൾ പിടിച്ചെടുക്കാൻ മുസ് ലിം ലീഗ് ജനാധിപത്യ സംവിധാനങ്ങളെ പോലും അട്ടിമറിക്കുന്നു.

എൽ.ഡി.എഫിന് വിജയ സാധ്യതയുള്ള വാർഡുകളിൽ റിട്ട.ബൂത്ത് ലെവൽ ഓഫീസറെ ഉപയോഗിച്ച് വ്യാപകമായി വോട്ടുകൾ തള്ളാൻ മുസ് ലിം ലീഗ് ജനപ്രതിനിധികൾ കൂട്ടുനിൽക്കുകയാണ്.

അകാരണമായാണ് എൽ.ഡി.എഫിൻ്റെ വോട്ടുകൾ തള്ളുന്നത്.

ഇത്തരത്തിൽ പതിനാലം വാർഡിൽ നിന്നും അനധികൃതമായി വോട്ടുകൾ തള്ളുന്നതിനെതിരേ അന്വേഷിക്കാൻ പഞ്ചായത്ത് ഓഫീസിലെത്തിയ എൽ.ഡി.എഫ് നേതാവിനെ പഞ്ചായത്തംഗം അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി.

ഇതിനെതിരേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുമെന്നും പൊതുനന്മക്കായി നിലകൊള്ളുമെന്നും പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധികൾ ഇത്തരം നടപടിയിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണ്.

മുൻ കാലങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കാരണം മംഗൽപ്പാടി പഞ്ചായത്തിൽ മുസ് ലിം ലീഗിന് മാന്യമായി ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്തതിനാലാണ് എൽ.ഡി.എഫിന് ജയ സാധ്യതയുള്ള വാർഡുകളിൽ വോട്ടുകൾ തള്ളി വളഞ്ഞ വഴിയിൽ അധികാരം പിടിക്കാൻ നോക്കുന്നത്.

അഞ്ചു വർഷത്തിനിടെ പുറത്തായവരും പകരം നിയോഗിച്ച് അധികാരത്തിലിരിക്കുന്നതുമായ വനിതാ പ്രസിഡൻ്റുമാർ പോലും അഴിമതിയുടെ കരിനിഴലിൽ പെട്ടവരാണ്.

ഇതിനു പുറമേ വയനാട് പുനരധിവാസ വെട്ടിപ്പും നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

മാലിന്യ സംസ്കരണത്തിനായി അനുവദിച്ച ഫണ്ട് മുക്കിയതുൾപ്പെടെ പൊതു ജനങ്ങളുടെ നികുതിപ്പണം വൻതോതിൽ ധൂർത്തടിച്ച് പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്നു.

ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന മുസ് ലിം ലീഗ് നടപടിക്കെതിരേ ശക്തമായ സമര പോരാട്ടങ്ങൾക്ക് എൽ.ഡി.എഫ് നേതൃത്വം നൽകും.

സൂചനാ സമരമെന്ന നിലയിൽ അടത്ത് തന്നെ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുമെന്നും കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ

സി.പി.എം പഞ്ചായത്ത് സെക്രട്ടറി സാദിഖ് ചെറുഗോളി, എൻ.സി.പി ( എസ്) ജില്ലാ സെക്രട്ടറി സിദ്ധീഖ് കൈകമ്പ, എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയംഗം ഹനീഫ് ഷിറിയ, എൽ.ഡി.എഫ് ബൂത്ത് സെക്രട്ടറി ഇബ്രാഹിം ഖലീൽ,അൽത്താഫ് ആലക്കോട് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here