സര്‍വീസ് റോഡ് ‘ടോള്‍ ഫ്രീ’ അല്ല, അണ്ടര്‍പാസില്‍ ടു വേ യാത്ര എവിടൊക്കെ; ദേശീയപാതയിലെ മാറ്റങ്ങള്‍ ഇങ്ങനെ

0
12

മലപ്പുറം: പുതിയ ദേശീയപാതയിലെ സര്‍വീസ് റോഡുകള്‍ ടു വേ തന്നെയാണെന്ന് സ്ഥിരീകരിച്ചെങ്കിലും യാത്രക്കാരുടെ ആശങ്കകള്‍ക്ക് കുറവില്ല. ആറരമീറ്റര്‍മാത്രം വീതിയുള്ള സര്‍വീസ് റോഡുകളിലൂടെ രണ്ടുദിശയിലേക്കുമുള്ള യാത്ര എങ്ങനെ സാധ്യമാകുമെന്നതാണ് പ്രധാന ചോദ്യം. ദേശീയപാതാ ലെയ്സണ്‍ ഓഫീസര്‍ പി.പി.എം അഷ്റഫ് പ്രതികരിക്കുന്നു.

? കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് എന്താണ് സംവിധാനം ?

= അതിന് നടപ്പാത നിര്‍മിക്കുന്നുണ്ട്. സ്ലാബുള്ളിടങ്ങളില്‍ അതുകഴിഞ്ഞുള്ള സ്ഥലത്താണ് റോഡില്‍ നിന്ന് ഉയര്‍ത്തി നടപ്പാതയുണ്ടാക്കുന്നത്. ചിലയിടങ്ങളില്‍ അതിന്റെ കല്ലുപാകല്‍ കഴിഞ്ഞിട്ടുണ്ട്.

? പല അടിപ്പാതകളിലും ഒരുവരിയില്‍ മാത്രം വാഹനങ്ങള്‍ പോകാനേ വീതിയുള്ളൂ. രണ്ടുദിശയിലേക്കും യാത്രതുടങ്ങിയാല്‍ ഇവിടെയും ഗതാഗതസ്തംഭനമുണ്ടാവില്ലേ

= പലതരത്തിലാണ് അടിപ്പാതകള്‍ നിര്‍മിച്ചിട്ടുള്ളത്. വെഹിക്കുലാര്‍ അണ്ടര്‍പാസിലൂടെ എല്ലാത്തരം വാഹനങ്ങള്‍ക്കും ടു വേ ആയി പോകാം. ലൈറ്റ് വെഹിക്കിള്‍ അണ്ടര്‍പാസിലൂടെ ചെറിയ കാറുകള്‍പോലുള്ള വാഹനങ്ങള്‍ക്കുപോകാം. സ്‌മോള്‍ വെഹിക്കിള്‍ അണ്ടര്‍പാസിലൂടെ ഒരു വഴിയിലേക്ക് മാത്രമേ വാഹനങ്ങള്‍ പോകാവൂ. നടപ്പാതയായി മാത്രം ഉപയോഗിക്കേണ്ട അടിപ്പാതകളുമുണ്ട്. അതത് സ്ഥലങ്ങളിലെ ഗതാഗതത്തിരക്ക് നോക്കിയാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. മുന്നറിയിപ്പു നോക്കിയേ വാഹനങ്ങള്‍ ഓടിക്കാവൂ.

? ടു വേ സര്‍വീസ്റോഡിലേക്ക് ഹൈവേയില്‍നിന്ന് ഇറങ്ങുകയും കയറുകയും ചെയ്യുന്ന വാഹനങ്ങള്‍ കൂടി വന്നാല്‍ അപകടസാധ്യതയില്ലേ

= അതിന് ആ മേഖലകളില്‍ അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും. പലയിടങ്ങളിലും സ്ഥാപിച്ചുകഴിഞ്ഞു. ബോര്‍ഡുകള്‍ നോക്കിയേ വാഹനങ്ങള്‍ പോകാവൂ.

? സര്‍വീസ് റോഡിലൂടെ പോകുന്ന വാഹനങ്ങളും ടോള്‍ നല്‍കേണ്ടതുണ്ടോ

= ഉണ്ട്. ടോള്‍ബൂത്തിന് സമീപമെത്തുമ്പോള്‍ സര്‍വീസ് റോഡും ഹൈവേയും തമ്മിലുള്ള വിഭജനം ഇല്ലാതാവും. ഒരേ വഴിയിലൂടെ ടോള്‍ നല്‍കി പോകേണ്ടിവരും.

? നാട്ടുകാര്‍ക്ക് ഒരുദിവസം തന്നെ അങ്ങോട്ടുമിങ്ങോട്ടും പലതവണ സഞ്ചരിക്കേണ്ടി വരില്ലേ

= നാട്ടുകാര്‍ക്ക് അതിനായി പ്രത്യേക പാസ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. അധിക ടോള്‍ നല്‍കേണ്ടിവരില്ല.

? ദേശീയപാതയില്‍ പലയിനം വാഹനങ്ങള്‍ക്കും നിരോധനംകൂടിവരുമ്പോള്‍ സര്‍വീസ് റോഡുകള്‍ ഞെരുങ്ങില്ലേ

= അത്തരം പ്രശ്‌നങ്ങള്‍ ഉള്ളിടത്ത് എന്തു പരിഹാരം വേണമെന്ന് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here