ന്യൂഡല്‍ഹി : രാജ്യ വ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടികള്‍ നവംബറില്‍ ആരംഭിക്കും. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ഫെബ്രുവരി ആദ്യ വാരത്തിനുള്ളില്‍ പൂര്‍ത്തിയാകും. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ രണ്ട് ദിവസത്തിനുള്ളില്‍ തയ്യാറാകും. അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ സമയക്രമം കമ്മീഷന്‍ പ്രഖ്യാപിക്കും. രാജ്യവ്യാപകമായി ഘട്ടം ഘട്ടമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ആദ്യ ഘട്ടത്തില്‍ അടുത്ത വര്‍ഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലാകും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടക്കുക. അസമിലും അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായി നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ആരംഭിക്കാവൂ എന്ന് അസം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മൂന്ന് മാസത്തിനുള്ളില്‍ ഈ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കാനാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. ജനുവരി അവസാനമോ, ഫെബ്രുവരി ആദ്യമോ ഈ സംസ്ഥാനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചേക്കും. 2002-ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടന്നത്. 2002-ലെ പട്ടിക അടിസ്ഥാന രേഖയായി കണക്കാക്കിയാണ് പുതിയ പരിഷ്‌കരണം. കേരളത്തില്‍ തദ്ദേശ തെരെഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കുന്ന സാഹചര്യത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ അതിന് ശേഷമേ ആരംഭിക്കാവൂ എന്ന് സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതില്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമല്ല.
എന്നാല്‍ 2026-ലെ നിയമസഭാ തെരെഞ്ഞെടുപ്പ് പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ബിഹാറില്‍ നടന്ന തീവ്ര വോട്ടര്‍ പരിഷ്‌കരണ മാതൃകയില്‍ ആകും രാജ്യ വ്യാപക പരിഷ്‌കരണം നടക്കുക. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി മാത്രം പരിഗണിക്കും. പൗരത്വ രേഖയായി കണക്കാക്കില്ല. പൗരത്വം തെളിയിക്കുന്നതിന് ആധാറിന് പുറമെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന 11 രേഖകളില്‍ ഒന്ന് ഹാജരാക്കേണ്ടി വരും.