കുമ്പള: മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവത്തിന് ഗവ. ഹയർ സെക്കൻ്ററി പൈവളികെ നഗറിൽ തുടക്കമായി.
തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കലോത്സവം നടക്കുന്നത്. സ്റ്റേജിതര പരിപാടികളാണ് തിങ്കളാഴ്ച നടന്നത്. ഉപജില്ലയിലെ 113 സ്കൂളുകളിൽ നിന്ന് നാല് ദിവസങ്ങളിലായി അയ്യായിരത്തോളം മത്സരാർത്ഥികൾ വിവിധയിനങ്ങളിൽ മാറ്റുരക്കും. ഏഴ് പ്രധാന വേദികൾ ഉൾപ്പെടെ ഇരുപത്തിയേഴ് വേദികളാണ് സംഘാടക സമിതി സഞ്ജീകരിച്ചിട്ടുളളത്. രാപകലന്യേ ഉണർന്നു പ്രവർത്തിക്കാനും നാടിൻ്റെ ഉത്സവമാക്കി മാറ്റാനും നാട്ടുകാർ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും നാല് ദിവസത്തോളം പൈവളികെ നഗർ ‘കലാനഗറാ’യി മാറുമെന്നും സംഘാടക സമിതി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നാട്ടുകാർക്കുൾപ്പെടെ 25,000 പേർക്ക് ഭക്ഷണം കഴിക്കാനുള്ള ഭോജനശാലയും മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മുഴുസമയ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് എ.കെ. എം. അഷ്റഫ് എം.എൽ എ പരിപാടി ഉദ്ഘാടനം ചെയ്യും. പൈവളികെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും സംഘാടക സമിതി അധ്യക്ഷയുമായ ജയന്തി കെ. അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ മുഖ്യാതിഥിയായിരിക്കും.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും
വാർത്ത സമ്മേളനത്തിൽ മഞ്ചേശ്വരം എ. ഇ. ഒ ജോർജ് ക്രാസ്ത സി. എച്. പ്രിൻസിപ്പാൾ ചുമതലയുള്ള ജനകൺവീനർ വിശ്വനാഥ കെ, പി.ടി.എ പ്രസി. അബ്ദുൽ റസാഖ് ചിപ്പാർ, എസ്. എം. സി ചെയർമാൻ അസീസ്കളായി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അവിനാഷ് മക്കാഡോ, മഞ്ചേശ്വരം എച്.എം. ഫോറം സെക്ര. ശ്യാമ ഭട്ട്, എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

