തദ്ദേശ തിരഞ്ഞെടുപ്പ്: വാർഡ് സംവരണം പൂർണം; ഇനി അധ്യക്ഷസംവരണം

0
6

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ വാർഡ് സംവരണത്തിന്റെ നറുക്കെടുപ്പു പൂർത്തിയായതോടെ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷരുടെ സംവരണം നിശ്ചയിക്കാനുള്ള നടപടികൾ ഈ മാസം നടക്കും. സംവരണം ഏതൊക്കെ സ്ഥാപനങ്ങളിലെന്നതു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നേരിട്ടു നിശ്ചയിക്കും. അധ്യക്ഷസ്ഥാനങ്ങളിൽ സംവരണം ചെയ്യേണ്ടവയുടെ എണ്ണം മേയിൽത്തന്നെ സർക്കാർ നിശ്ചയിച്ചു നൽകിയിരുന്നു.

കഴിഞ്ഞ തവണ സംവരണം വന്നത് ഒഴികെയുള്ളവയാകും വനിതാ പൊതുവിഭാഗം സംവരണം വരുന്ന അധ്യക്ഷസ്ഥാനങ്ങളായി തിരഞ്ഞെടുക്കുക. എന്നാൽ, പട്ടികജാതി വനിത, പട്ടികവർഗ വനിത, പട്ടികജാതി ജനറൽ, പട്ടികവർഗ ജനറൽ എന്നിവയ്ക്കു നറുക്കെടുപ്പിനു പകരം ജനസംഖ്യാ ആനുപാതികമായി പരിശോധിച്ചാണു കമ്മിഷൻ സംവരണം നിശ്ചയിക്കുക.

ഇതിനായി 1995 മുതലുള്ള സംവരണം ആവർത്തിച്ചുവന്നതു കണക്കിലെടുത്താകും നടപടികൾ. കൂടുതൽ കാലം സംവരണം വന്ന തദ്ദേശസ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവ ഒഴിവാക്കി സംവരണ വിഭാഗത്തിന്റെ ജനസംഖ്യയിൽ രണ്ടാം സ്ഥാനം വരുന്ന തദ്ദേശ സ്ഥാപനങ്ങളാകും തിരഞ്ഞെടുക്കുക.

6 കോർപറേഷനുകളിൽ തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം എന്നിവയിൽ നിലവിൽ വനിതാ സംവരണമായതിനാൽ ഇവ ജനറലാകും. പകരം കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകൾ വനിതാ സംവരണമാകും.

87 നഗരസഭകളിലെ അധ്യക്ഷസ്ഥാനങ്ങളിൽ 39 എണ്ണമാണു പൊതുവിഭാഗത്തിന്. 41 എണ്ണം വനിതാ ജനറൽ വിഭാഗത്തിലും 3 എണ്ണം പട്ടികജാതി വനിതാ വിഭാഗത്തിലും. അധ്യക്ഷസ്ഥാനങ്ങളിൽ 3 എണ്ണം പട്ടികജാതി പൊതുവിഭാഗത്തിലും ഒരെണ്ണം പട്ടികവർഗ പൊതുവിഭാഗത്തിലുമായിരിക്കും. നഗരസഭകളിലെ അധ്യക്ഷസ്ഥാനങ്ങളിൽ പട്ടികവർഗ വനിതയ്ക്കു സംവരണമില്ല.

ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളിൽ 7 എണ്ണം പൊതുവിഭാഗം വനിതകൾക്കും ഒരെണ്ണം പട്ടികജാതി പൊതുവിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ പൊതുവിഭാഗത്തിന് 67 അധ്യക്ഷസ്ഥാനങ്ങളാണ്. വനിതകൾക്കു നീക്കിവച്ചിരിക്കുന്നത് 77 എണ്ണമാണ്. പട്ടികജാതി വനിതകൾക്കുള്ള എട്ടെണ്ണവും പട്ടികവർഗ വനിതകൾക്കുള്ള 2 എണ്ണവും ഉൾപ്പെടെയാണിത്. പട്ടികജാതിയിലെയും പട്ടികവർഗത്തിലെയും പൊതുവിഭാഗങ്ങൾക്ക് യഥാക്രമം ഏഴും ഒന്നും വീതം അധ്യക്ഷസ്ഥാനങ്ങൾ നീക്കിവച്ചിട്ടുണ്ട്.

941 ഗ്രാമപ്പഞ്ചായത്തുകളിൽ 416 അധ്യക്ഷ സ്ഥാനങ്ങളാണു പൊതുവിഭാഗത്തിനുള്ളത്. വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്ന 471 എണ്ണത്തിൽ പട്ടികജാതി വനിതയ്ക്കുള്ള 46, പട്ടികവർഗ വനിതയ്ക്കുള്ള 8 എന്നിവ ഉൾപ്പെടുന്നു. പട്ടികജാതിയിലെയും പട്ടികവർഗത്തിലെയും പൊതുവിഭാഗങ്ങൾക്ക് യഥാക്രമം 46, 8 എന്നിങ്ങനെ അധ്യക്ഷസ്ഥാനങ്ങൾ നീക്കിവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here