കാസർകോട്: കാസർകോട് ജില്ലയെ സംസ്ഥാനത്തെ മൂന്നാമത്തെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ആരോഗ്യ – വനിത – ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജാണ് പ്രഖ്യാപനം നടത്തിയത്. അതിദരിദ്രരായി കാസർകോട് ജില്ലയിൽ 2072 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഈ കുടുംബങ്ങൾക്ക് ഭക്ഷണം, ആരോഗ്യം, അടിസ്ഥാന വരുമാനം, ഭൂമി, വാസസ്ഥലം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഒരുക്കി. കൂടാതെ, റേഷൻ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, തൊഴിൽ കാർഡ്, ഗ്യാസ് കണക്ഷൻ തുടങ്ങിയ രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ദാരിദ്ര്യ നിർമ്മാർജനത്തിനായി 50 കോടി രൂപ മാറ്റിവെച്ച ജില്ലാ പഞ്ചായത്തിനുള്ള ആദരവ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ഏറ്റുവാങ്ങി. കളക്ടർ കെ. ഇമ്പശേഖറിനെയും ആദരിച്ചു. കുടുംബശ്രീ, തൊഴിൽ വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ വിവിധ പദ്ധതികളുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.

