കുമ്പള : ദേശീയപാത 66 ആരിക്കാടിയിൽ നിർമിക്കുന്ന ടോൾ ഗേറ്റിനെതിരെ കർമസമിതി നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച പരിഗണിക്കേണ്ടിയിരുന്ന ഹർജി ജഡ്ജി അവധിയായതിനാലാണ് 25-ലേക്ക് മാറ്റിയത്. ഇതിനിടയിൽ ബുധനാഴ്ച വൈകീട്ട് കർമസമിതിയുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. എ.കെ.എം അഷ്റഫ് എംഎൽഎ യോഗത്തിൽ പങ്കെടുക്കും.
കർമസമിതി അംഗവും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ അഷ്റഫ് കർളയാണ് കർമസമിതിക്കു വേണ്ടി അപ്പീൽ ഹർജി നൽകിയത്.
കഴിഞ്ഞ ഒൻപതിന് കേസ് പരിഗണിച്ച ഹൈക്കോടതി ദേശീയപാത നിർമാണപ്രവൃത്തിയുടെ നിജസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ദേശീയപാത അതോറിറ്റി സത്യവാങ്മൂലം സമർപ്പിക്കാത്തതിനാൽ ഹൈക്കോടതി വാദം കേൾക്കുന്നതിനായി 23-ലേക്ക് മാറ്റുകയായിരുന്നു. അതാണ് വീണ്ടും 25-ലേക്ക് മാറ്റിയത്.
ദേശീയപാത പ്രവൃത്തിയുമായി ബന്ധപ്പെട്ട നിജസ്ഥിതി ബോധ്യപ്പെടുത്താൻ കേന്ദ്ര സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആരിക്കാടി ടോൾ ഗേറ്റ് നിർമാണത്തിനെതിരെ എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി നാസർ ബംബ്രാണ നൽകിയ മറ്റൊരു ഹർജി ഇതിനിടെ ഹൈക്കോടതി തള്ളിയിരുന്നു.
ചെറുതും വലുതുമായ ഒട്ടേറെ സമരപരിപാടികൾ നടന്നുവെങ്കിലും ആരിക്കാടിയിലെ ടോൾഗേറ്റ്നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചിട്ടില്ല.
സമരവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ 10 ആളുടെ പേരിലും പിന്നീട് 150 ആളുടെ പേരിലും കുമ്പള പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് സംരക്ഷണത്തിലാണ് നിലവിൽ പ്രവൃത്തി പുരോഗമിക്കുന്നത്.