കാസർകോട്∙ പണി പൂർത്തിയായ ദേശീയപാത തലപ്പാടി – ചെങ്കള 39 കിലോമീറ്റർ റീച്ചിൽ ഓടുന്ന വാഹനങ്ങളുടെ വിഡിയോ ക്യാമറ കൺട്രോൾ റൂം മഞ്ചേശ്വരത്ത് സജ്ജമായി. ഈ റീച്ചിലെ 39 കിലോമീറ്ററിലായി സ്ഥാപിച്ച 39 ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുടെ നിയന്ത്രണം ദേശീയപാത അതോറിറ്റി അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് കൺട്രോൾ റൂമിലാണ്. ഈ പരിധിയിൽ എവിടെയെങ്കിലും വാഹനാപകടമുണ്ടായാൽ കൺട്രോൾ റൂമിലെ സിസ്റ്റത്തിൽ അലാം മുഴങ്ങും. അപകടദൃശ്യം കണ്ടാലുടൻ തന്നെ ആംബുലൻസ് ഉൾപ്പെടെ സേവനം ലഭ്യമാക്കുന്നതിനുള്ള രക്ഷാപ്രവർത്തന നടപടികൾ ഉണ്ടാകും.
360 ഡിഗ്രി ദൃശ്യങ്ങൾ പകർത്തും
ക്യാമറകളെല്ലാം 360 ഡിഗ്രിയിൽ ദൃശ്യങ്ങൾ പകർത്താനാവുന്ന വിധം സംവിധാനം ചെയ്തതാണ്. പ്രധാന പാതയിലേതിനു പുറമേ സർവീസ് റോഡിലെയും ദൃശ്യങ്ങൾ ക്യാമറ പകർത്തും. വാഹനത്തിന്റെ നമ്പർ പ്ലേറ്റ്, വാഹനത്തിന്റെ വേഗം, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, റോഡ് ക്രോസിങ്, വാഹനങ്ങളുടെ പാർക്കിങ് എന്നിങ്ങനെയുള്ള സമ്പൂർണ വിവരങ്ങൾ ഉൾപ്പെടെ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിൽ തെളിയും. പ്രധാന നഗരങ്ങളിലേക്കുള്ള ദൂരം, അതത് ട്രാക്കിൽ വാഹനം ഓടിക്കാവുന്ന പരമാവധി വേഗം, മഴ, കാറ്റ് തുടങ്ങിയവ സംബന്ധിച്ച കാലാവസ്ഥാ സ്ഥിതി വിവരം എന്നിവ നൽകുന്ന ഡിജിറ്റൽ സ്ക്രീനും പാതയുടെ ആകർഷണമാവും. അധികൃതർ ആവശ്യപ്പെട്ടാൽ ട്രാഫിക് വിവരങ്ങൾ കൈമാറുന്ന നിലയിൽ ഉള്ളതാണ് സംവിധാനം.
അധികൃതർ ആവശ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറും
24 മണിക്കൂറും പ്രവർത്തനസജ്ജമായ മെയ്ന്റനൻസ് കൺട്രോൾ റൂമാണ് ഇവിടെയുള്ളത്. ക്യാമറകൾ പകർത്തുന്ന ദൃശ്യം കൺട്രോൾ റൂമിൽ സൂം ചെയ്തും അല്ലാതെയും കാണാൻ കഴിയും. കാലാവസ്ഥാ മുന്നറിയിപ്പ്, വിവിധ ഘട്ടങ്ങളിൽ യാത്രക്കാർക്കുള്ള നിർദേശങ്ങൾ, ഓടുന്ന വാഹനങ്ങളുടെ വേഗം തുടങ്ങിയവ ദേശീയപാതയിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ സ്ക്രീനിൽ തെളിയും.