കുമ്പള ടോൾ സമരത്തെ സുഡാപ്പികളുടെ സമരമെന്ന് റെഡ് ആർമി പേജ്

0
15

കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള ആരിക്കാടിയിൽ ടോൾ പ്ലാസ സ്ഥാപിക്കുന്നതിനെതിരെ ജനകീയ ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിനെ സിപിഎം ജില്ലാ നേതാവ് സ്വാഗതം ചെയ്തപ്പോൾ സുഡാപ്പികളുടെ സമരമെന്ന് റെഡ് ആർമി ഫേസ്ബുക്ക് പേജ്.

നേരത്തെ പി.ജെ ആർമി എന്ന് പേരുള്ള സിപിഎം അനുകൂല ഫേസ്ബുക്ക് പേജായിരുന്നു. പിന്നീടാണ് റെഡ് ആർമിയായത്. ജനകീയ ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധം അലയടിച്ചിരുന്നു. പ്രതിഷേധം തടയാൻ ശ്രമിച്ച പൊലീസുമായി ഉന്തുംതള്ളും ഉണ്ടായി. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ഞൂറിലധികം പേർ മാർച്ചിൽ അണിനിരന്നിരുന്നു. മാർച്ച് വരുന്നതിനിടെ റോഡ് സൈഡിലെ താത്കാലിക ഡിവൈഡറുകൾ പ്രതിഷേധക്കാർ തള്ളിയിട്ടിരുന്നു. ഇതിലൊരു വിദ്യാർഥിയും ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചാണ് പ്രതിഷേധത്തെ സുഡാപ്പി സമരമെന്ന് റെഡ് ആർമി വിശേഷിപ്പിച്ചത്.

‘സുഡാപ്പി തീവ്രവാദികൾ, ആ ചെറിയ മകന്റെ ഉള്ളിൽ വരെ വർഗീയത കുത്തി നിറച്ചു ഇവർ, കരുതിയിരിക്കുക’- എന്നാണ് വീഡിയോ പങ്കുവെച്ച് റെഡ് ആർമി കുറിച്ചിരിക്കുന്നത്.

എ.കെ.എം അഷ്‌റഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത സമരത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി രമേശൻ, സിപിഎം ഏരിയാ സെക്രട്ടറി സി.എ സുബൈർ എന്നിവരും പങ്കെടുത്തതായി ദേശാഭിമാനി തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു ടോൾപ്ലാസ കഴിഞ്ഞാൽ 60 കിലോമീറ്റർ കഴിഞ്ഞെ അടുത്ത ടോൾ പ്ലാസ പാടുള്ളൂവെന്ന നിയമം കാറ്റിൽ പറത്തി കേവലം 20 കിലോമീറ്ററിനുള്ളിൽ ടോൾ പ്ലാസ നിർമിക്കുന്നതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here