ന്യൂഡൽഹി: രാജ്യത്ത് ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ ഈടാക്കാനുള്ള സംവിധാനം വരുന്നു. ഇതിനായി മൾട്ടി ലേൻ ഫ്രീ ഫ്ളോ (എം.എൽ.എഫ്.എഫ്) സംവിധാനം മാർച്ചിനകം നടപ്പാക്കിത്തുടങ്ങുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ അറിയിച്ചു.
25 ടോൾ ബൂത്തുകളിലാണ് ആദ്യഘട്ടത്തിൽ സംവിധാനം വരുന്നത്. എൻ.എച്ച് 66 വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷം അടുത്ത ഘട്ടമായി കേരളത്തിലും പദ്ധതി നടപ്പാക്കും. മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം ഉപയോഗിച്ചാണ് വാഹനം തിരിച്ചറിഞ്ഞ് ഫാസ്ടാഗിൽ നിന്ന് ടോൾ തുക ഈടാക്കുന്നത്. കൂടുതൽ ശേഷിയുള്ള സെൻസറുകളും കാമറളും ഇതിനായി ഉപയോഗിക്കും. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ തിരിച്ചറിയും.
നിലവിൽ ഉപയോഗിക്കുന്നതിനെക്കാൾ ഉയർന്നശേഷിയുള്ള റേഡിയോ ഫ്രീക്ക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം ഉപയോഗിച്ച് ഫാസ്ടാഗ് വിവരങ്ങൾ വേഗം തിരിച്ചറിയാനാകുമെന്നതാണ് പ്രത്യേകത. തുടർന്നാകും ഫാസ്ടാഗിൽ നിന്ന് പണം ഈടാക്കുക. ഇത് വാഹനം ടോൾബൂത്തിലൂടെ കടന്നുപോകുന്ന മില്ലി സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാകും.
പദ്ധതി നടപ്പിലായാൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം പാറശാല വരെ ടോൾ നൽകാൻ വാഹനം നിർത്തേണ്ടി വരില്ല. യാത്രക്കാർക്ക് ദേശീയ പാത വഴി തടസമില്ലാത്ത യാത്ര ഉറപ്പുവരുത്തുന്നതിനൊപ്പം ഇന്ധനലാഭവും ലക്ഷ്യമിടുന്നതാണ് പദ്ധതി.
ഗുജറാത്തിലെ ചോര്യാസി ഫീ പ്ളാസയിലാണ് രാജ്യത്ത് ആദ്യമായി പദ്ധതി നടപ്പിലാക്കുകയെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.