ഗൂഗിൾ ജെമിനി നാനോ ബനാന’ എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോഴും ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറയുന്നത്. ഹൈപ്പർ റിയലിസ്റ്റിക് ദൃശ്യങ്ങൾ സൃഷ്ടിച്ച് പലരും രസകരമായി ഈ ട്രെൻഡിനൊപ്പം ചേരുന്നുണ്ടെങ്കിലും, വ്യാജ വെബ്‌സൈറ്റുകളുടെയോ അംഗീകാരമില്ലാത്ത ആപ്ലിക്കേഷനുകളുടെയോ കെണിയിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്.
നാനോ ബനാനാ മുന്നറിയിപ്പ്
ഐപിഎസ് ഉദ്യോഗസ്ഥനായ വി സി സജ്ജനർ എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിന്‍റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്: “ഇന്‍റർനെറ്റ് ട്രെൻഡുകളിൽ ശ്രദ്ധിക്കുക! ‘നാനോ ബനാന’ ട്രെൻഡിന് പിന്നാലെ പോയി വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് വലിയ തട്ടിപ്പുകളിലേക്ക് നയിച്ചേക്കാം. ഒറ്റ ക്ലിക്കിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ മുഴുവൻ പണം കുറ്റവാളികളുടെ കൈകളിലെത്താം.” അംഗീകാരമില്ലാത്ത വെബ്‌സൈറ്റുകളിലോ ആപ്ലിക്കേഷനുകളിലോ ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമൂഹ മാധ്യമങ്ങളിലെ ട്രെൻഡുകളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെങ്കിലും, സുരക്ഷയ്ക്ക് എപ്പോഴും മുൻഗണന നൽകണമെന്നും സജ്ജനർ കൂട്ടിച്ചേർത്തു.