നബിദിന റാലിക്കിടെ ക്ഷേത്രത്തിനുനേരേ സല്യൂട്ട്; ഒറ്റദിവസം കണ്ടത്‌ 20 ലക്ഷം പേർ

0
10

പാലക്കുന്ന് (കാസർകോട്‌): നബിദിനറാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ നൽകിയ ഒരു സല്യൂട്ടിന്റെ ഇൻസ്റ്റഗ്രാം വീഡിയോ ഒരുദിവസം പിന്നിട്ടപ്പോൾ കണ്ടത് 20 ലക്ഷത്തോളം പേർ. കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ നബിദിന റാലിക്കിടെ മുൻനിരക്കാർ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഗോപുരത്തിന് മുന്നിലെത്തിയപ്പോൾ ക്ഷേത്രത്തിലേക്ക് തിരിഞ്ഞുനിന്ന് നൽകിയ സല്യൂട്ടിന്റെ വീഡിയോ ആണ് മണിക്കൂറുകൾക്കുള്ളിൽ വൈറലായത്. പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി അൻഷിത്ത് അശോകാണ് വീഡിയോ പകർത്തി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്‌ ചെയ്തത്.

ശനിയാഴ്ച രാവിലെ 11.30-ന് പാലക്കുന്ന് ക്ഷേത്രത്തിന് മുൻവശമുള്ള അച്ഛൻ അശോകന്റെ ഫാൻസി കടയിൽ അൻഷിത്ത് ഇരിക്കുമ്പോഴാണ് നബിദിനറാലി വന്നത്. വൊളന്റിയർമാർ ക്ഷേത്രത്തിനുനേരേ സല്യൂട്ട് ചെയ്യുന്ന രംഗം കണ്ട് കൗതുകം തോന്നിയ അൻഷിത്ത് വീഡിയോ ചിത്രീകരിച്ച് വൈകിട്ട് അഞ്ചോടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. നിമിഷങ്ങൾക്കകം ഫെയ്‌സ്ബുക്കിലും വാട്സാപ്പിലും ഈ വീഡിയോ പറന്നുതുടങ്ങി.ഇൻസ്റ്റഗ്രാമിൽ ഞായറാഴ്ച രാത്രി 8.25 ആയപ്പോൾ 20 ലക്ഷം പേർ വീഡിയോ കണ്ടുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here