മംഗളൂരു: മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണംകവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. ബൈന്ദൂര്‍ സ്വദേശി സവാദ്(28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ്(36), അബ്ദുള്‍ സത്താര്‍(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് സ്വദേശിയായ 37-കാരനെ കുന്ദാപുരയിലെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദിച്ചവശനാക്കി കവര്‍ച്ച നടത്തിയ കേസിലാണ് കുന്ദാപുര പോലീസ് പ്രതികളെ പിടികൂടിയത്. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, മര്‍ദനമേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം.
അസ്മയെ ഫോണിലൂടെയാണ് പരാതിക്കാരന്‍ പരിചയപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഫോണില്‍വിളിച്ചപ്പോള്‍ നേരിട്ട് കാണാമെന്ന് യുവതി പറഞ്ഞു. കുന്ദാപുരയിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് കാണാമെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. ഇതനുസരിച്ച് യുവാവ് സ്ഥലത്തെത്തി. പിന്നാലെ യുവതി പരാതിക്കാരനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനുപിന്നാലെ മറ്റുപ്രതികളും വീട്ടിലെത്തി. തുടര്‍ന്നാണ് യുവാവില്‍നിന്ന് പണം തട്ടിയെടുത്തത്.
വിട്ടയക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതിന് വിസമ്മതിച്ചതോടെ കെട്ടിയിട്ട് മര്‍ദിച്ചു. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന 6200 രൂപ കൈക്കലാക്കി. യുപിഐ വഴി അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപയും തട്ടിയെടുത്തു. യുവാവിന്റെ കൈയിലുണ്ടായിരുന്ന ഒരു എടിഎം കാര്‍ഡ് തട്ടിയെടുത്ത് ഇതില്‍നിന്ന് 40,000 രൂപയും പിന്‍വലിച്ചു. ഇതിനുശേഷമാണ് പ്രതികള്‍ യുവാവിനെ വിട്ടയച്ചത്.