സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. ഉപഭോക്താക്കൾ ആശങ്കപ്പെട്ടിരുന്നതുപോലെ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന് വില 80,000 കടന്നു. 1000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ പവന് 80,880 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയായി. പവന് വില 80,000 കടക്കുന്നതും ഗ്രാമിന് 10,000 രൂപ കടക്കുന്നതും ഇത് ആദ്യമായാണ്.
ഇന്നലെ രാവിലെ നേരിയ ആശ്വാസം നല്‍കി രാവിലെ പവന് 80 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഈ ആശ്വാസത്തിന് മണിക്കൂറുകള്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. പിന്നാലെ ഉച്ചയോടെ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്നലെ ഉച്ചയോടെ 400 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. ഇതോടെ ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് 1400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍, പണിക്കൂലിയും ജിഎസ്ടിയും അടക്കം ചുരുങ്ങിയത് 90,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കണം.