ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴി ഇനി ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധമാക്കി. സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തൽ വരുത്താനും കഴിയുകയുള്ളു.
ഓൺലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ പരിഷ്ക്കാരം.
നേരത്തെ വോട്ടർ തിരിച്ചറിയൽ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോൺ നമ്പർ സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാൽ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഇത്തരത്തിൽ 6,000 ത്തിലധികം പേരുകൾ നീക്കം ചെയ്തിരുന്നതായി രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രമക്കേട് തടയുന്നതിന് പുതിയ നടപടി തെരെഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയത്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6 പൂരിപ്പിക്കേണ്ടതാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് എതിർക്കുന്നതിനും പേര് നീക്കം ചെയ്യാനും പൂരിപ്പിക്കേണ്ടത് ഫോം 7 ആണ്. തിരുത്തൽ വരുത്തുന്നതിന് പൂരിപ്പിക്കേണ്ടത് ഫോം 8 ആണ്.
ഈ ഫോമുകളിലെയും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആണ് ഇ സൈൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കിയത്. അതായത് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.