ഫൈസാബാദ്: അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്ന ഭൂമിക്ക് പകരമായി മുസ്‌ലിംകൾക്ക് അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിലെ പള്ളി നിർമാണത്തിനായി സമര്‍പ്പിച്ച അപേക്ഷ തള്ളി അയോധ്യ വികസന അതോറിറ്റി തള്ളി.
സുപ്രിംകോടതി നിർദേശപ്രകാരം അനുവദിച്ച ഭൂമിയിൽ മസ്ജിദ് നിർമിക്കാനുള്ള അനുമതി അപേക്ഷയാണ് അയോധ്യ വികസന അതോറിറ്റി തള്ളിയത്. മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം നിർമിച്ച് അതിന്റെ പ്രതിഷ്ഠയും നടന്ന് 20 മാസം പിന്നിടുമ്പോഴാണ്, പള്ളി നിർമാണത്തിന്റെ പ്രാഥമിക നടപടിയായ അനുമതി പോലും ലഭിക്കാതിരുന്നത്.
ഉത്തർപ്രദേശ് സർക്കാരിൽനിന്ന് എൻഒസി ലഭിക്കാത്തതിനാലാണ് അനുമതി നിഷേധിക്കപ്പെട്ടതെന്ന് മാധ്യമപ്രവർത്തകൻ ഓം പ്രകാശ് സിങ് നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയായി അതോറിറ്റി അറിയിച്ചു. പൊതുമരാമത്ത്, മലിനീകരണ നിയന്ത്രണം, സിവിൽ ഏവിയേഷൻ, ജലസേചനം, റവന്യൂ, മുനിസിപ്പൽ, ഫയർ സർവിസ് വകുപ്പുകളിൽനിന്നാണ് അനുമതി ലഭിക്കേണ്ടത്.
പള്ളി നിര്‍മാണം ആരംഭിക്കുന്നതിന് മുന്നോടിയായി പദ്ധതിക്കുള്ള അപേക്ഷാ ഫീസായും സൂക്ഷമ പരിശോധനാ ഫീസുമായി പള്ളിട്രസ്റ്റ്, നാല് ലക്ഷത്തിലേറെ രൂപ അടച്ചിരുന്നു.
2021 ജൂൺ 23 നാണ് പള്ളി പണിയുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കപ്പെട്ടത്. 2019 നവംബർ 9ലെ വിധിന്യായത്തിൽ, അയോധ്യയിലെ ഒരു പ്രധാന സ്ഥലത്ത് മസ്‌ജിദ് പണിയുന്നതിനും അനുബന്ധ സൗകര്യങ്ങൾക്കുമായി സുന്നി സെൻട്രൽ വഖഫ് ബോർഡിന് അഞ്ച് ഏക്കർ ഭൂമി അനുവദിച്ചുകൊണ്ട് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
അയോധ്യയിൽനിന്ന് 25 കിലോമീറ്റർ അകലെ ലഖ്നൗ ദേശീയപാതയിൽ ധന്നിപ്പുരിൽ മസ്ജിദ് ബിൻ അബ്ദുല്ല എന്ന പേരിൽ പള്ളി നിർമിക്കാനാണ് ആലോചന. സർക്കാർ നൽകിയ സ്ഥലത്ത് പള്ളി, ആശുപത്രി, ഗവേഷണ കേന്ദ്രം, കമ്മ്യൂണിറ്റി കിച്ചൺ, ലൈബ്രറി എന്നിവയാകും നിർമിക്കുക. 1992 ഡിസംബർ ആറിനാണ് കർസേവകർ ബാബരി മസ്ജിദ് തകർത്തത്. ആ ഭൂമിയിൽ 2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആണ് പ്രതിഷ്ഠ നടത്തിയത്.