തലപ്പാടി ബസ് അപകടം: ഡ്രൈവർ റിമാൻഡിൽ, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

0
15

മഞ്ചേശ്വരം: തലപ്പാടി ദേശീയപാതയിൽ രണ്ട് കുട്ടികളടക്കം ആറുപേരുടെ മരണത്തിനിടയാക്കിയ കർണാടക ആർടിസി ബസ്‌ ഡ്രൈവർ കർണാടക സ്വദേശി നിജലിംഗപ്പ ചലവാടിയെ കോടതി റിമാൻഡ് ചെയ്തു. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. അപകടത്തിനുശേഷം ഡ്രൈവറെയും കണ്ടക്ടറെയും മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ദിശമാറി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ബസ് കറങ്ങി റോഡിന് പുറത്തേക്ക് തെറിച്ച് പിന്നിലേക്ക് ചരിഞ്ഞ് നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരു റിക്ഷയിലും റോഡരികിൽ ബസ് കാത്തുനിൽക്കുകയുമായിരുന്ന യാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർ ഹൈദർ അലി, യാത്രക്കാരായ കെസി റോഡിലെ ഹവ്വമ്മ, ഖദീജ, നബീസ, ആയിഷ ഫിദ, ഹസ്ന എന്നിവരാണ് മരിച്ചത്. ബസ് കാത്തുനിൽക്കുകയായിരുന്ന രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബ്രേക്കിന് തകരാറില്ല

ബസിന്റെ ബ്രേക്ക് തകർന്നതാണ് അപകടകാരണമെന്നാണ് ഡ്രൈവർ ആദ്യം പറഞ്ഞത്. എന്നാൽ വ്യാഴാഴ്ച രാത്രി തലപ്പാടിയിലെത്തിയ ആർടിഒ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് നടത്തിയ വിശദ പരിശോധനയിൽ ബസിന് തകരാറില്ലെന്ന് കണ്ടെത്തി. അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് പ്രധാനമായും അപകടത്തിന് വഴിവെച്ചതെന്നാണ്‌ കണ്ടെത്തൽ. അപകടം നടന്ന സ്ഥലത്തിന് സമീപം റോഡിന് വീതി കുറവുള്ളതും ബസിന്റെ പിന്നിലെ ടയറുകൾ തേഞ്ഞുതീരാറായതും അപകടത്തിനു കാരണമായിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.

ചികിത്സച്ചെലവ് കർണാടകസർക്കാർ വഹിക്കും

മംഗളൂരു: പരിക്കേറ്റവരുടെ ചികിത്സ കർണാടക സർക്കാർ വഹിക്കുമെന്ന് ‌എസ്ആർടിസി മാനേജിങ്‌ ഡയറക്ടർ അക്രം പാഷ പത്രക്കുറിപ്പിൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. അപകടത്തിന് കാരണക്കായവർക്കെതിരെ നടപടി എടുക്കും -അദ്ദേഹം വ്യക്തമാക്കി.

അപകടത്തിൽ പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ കഴിയുന്ന ലക്ഷ്മിയുടെ നില ഗുരുതരമായി തുടരുകയാണ്. തലയ്ക്കും കൈകൾക്കുമാണ് ഇവർക്ക് പരിക്ക്. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൈകൾക്ക് പരിക്കേറ്റ ഇവരുടെ മകൻ സുരേന്ദ്ര അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തിൽ മരിച്ച ആറുപേരുടെയും കബറടക്കം നടത്തി. ഓട്ടോഡ്രൈവറായ ഹൈദരലിയെ അജ്‌ജിനടുക്ക മസ്‌ജിദ് കബർസ്ഥാനിലും അവ്വമ്മ, ബന്ധുക്കളായ ഖദീജ, നഫീസ, ആയിഷ ഫിദ, ഹസ്‌നത്ത് എന്നിവരെ കല്ലാപ്പു മസ്‌ജിദ് കബർസ്ഥാനിലുമാണ് കബറടക്കിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here