ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത വേണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങൾക്കിടയിൽ സംശയം ഉയർന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുകയാണ്. ഹരിയാന തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. ഇതെല്ലാം സംശയങ്ങൾ സൃഷ്ടിച്ചുവെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ കാണിച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം.
ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയിൽ അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരുഹ വോട്ടർമാർ വന്നു. സിസിടിടി ദൃശ്യങ്ങൾ ലഭിക്കതിരിക്കാൻ ചട്ടങ്ങൾ മാറ്റി. 45 ദിവസം കഴിഞ്ഞു ദൃശ്യങ്ങൾ നശിപ്പിക്കുന്നു. കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.