മൂസോടി മുതൽ ഷിറിയവരെ കടൽ കരയിലേക്ക് 50 മീറ്ററിലേറെ കയറി

0
21

ചെകുത്താനും കടലിനുമിടയിൽ എന്ന ചൊല്ല് അന്വർഥമാകും വിധം ദുരിതക്കയത്തിലാണ് മംഗൽപ്പാടി പഞ്ചായത്തിലെ തീരദേശ ജനത. മഴക്കാലമെത്തുമ്പോൾ ഇവരുടെ മനസ്സിലും കാറും കോളും നിറയും. ഓരോ കാലവർഷം കഴിയുന്തോറും കടൽ മെല്ലെമെല്ലെ കരയിലേക്ക് കയറുകയാണ്. ദുരിതങ്ങൾ മാത്രം ബാക്കിവെച്ചാണ് മഴക്കാലം കടന്നുപോകുന്നത്. നഷ്ടപ്പെടുന്ന വീട്, സ്ഥലം, റോഡ് എന്നിവയുടെ കണക്ക് ഏറിവരികയാണ്. ഇങ്ങനെ എത്ര കാലമെന്നാണ് നാട്ടുകാരുടെ ചോദ്യം.

മൂസോടിമുതൽ ഷിറിയവരെ കടലേറ്റഭീഷണി നേരിടുന്നു. പലയിടത്തും കടൽ 50 മീറ്ററിലേറെ കരയിലേക്ക് കയറി. സമീപകാലംവരെ മൂസോടിയിലായിരുന്നു വലിയ നാശനഷ്ടം നേരിട്ടിരുന്നത്. എന്നാൽ, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം പൂർത്തിയായതോടെ ഈ ഭാഗങ്ങളിൽ കടലേറ്റത്തിന്റെ ശക്തി കുറഞ്ഞു. തുറമുഖനിർമാണത്തിന്റെ ഭാഗമായി ഈ പ്രദേശത്ത് വലിയ പുലിമുട്ടുകൾ നിർമിച്ചിരുന്നു. ഇതോടെയാണ് തെക്കുഭാഗത്തുള്ള ഉപ്പള വില്ലേജ് പരിധിയിലെ ശാരദാനഗർ, മണിമുണ്ട കടപ്പുറം, ഹനുമാൻനഗർ, ബംഗ്ള, ഐല ഹനുമാൻനഗർ, കുതുപ്പുളു എന്നീ ഭാഗങ്ങളിൽ ശക്തമായ കടലേറ്റമുണ്ടാകുന്നത്. അഞ്ച് വർഷത്തിനിടെ നിരവധി വീടുകളാണ് ഇവിടെ തകർന്നത്. ചില വീടുകൾ ഇപ്പോഴും അപകടഭീഷണിയിലാണ്. വീട്‌ തകർന്നവർക്ക് നാമമാത്രമായ തുകയാണ് ലഭിച്ചതെന്ന പരാതിയുമുണ്ട്. ദുരിതം വർധിച്ചതോടെ ചിലർ ഇവിടെനിന്ന്‌ താമസം മാറിപ്പോയി.

പുനർനിർമിച്ച റോഡും കടലിലലിഞ്ഞു

2017-18-ൽ വീടുകൾ മാത്രമല്ല, ഇവിടത്തെ പ്രധാന തീരദേശ റോഡ് പാടെ തകർന്നിരുന്നു. അന്ന് തകർന്ന റോഡ് പുതുക്കിപ്പണിയാൻ കാസർകോട് വികസന പാക്കേജിൽനിന്ന് അനുവദിച്ചത് 4.99 കോടി രൂപ. 2019-ൽ പണി തുടങ്ങി 2023 ഒക്ടോബറിൽ പൂർത്തിയാക്കി. റോഡ് തുറന്ന് 10 മാസം പിന്നിടുമ്പോഴേക്കും കടലേറ്റം ശക്തമായി. റോഡിന്റെ നല്ലൊരുഭാഗം കടലെടുത്തു. ഒപ്പം, തീരസംരക്ഷണത്തിനായി പാകിയ കരിങ്കൽഭിത്തിയും. ഇതോടെ തീരദേശത്തെ ആളുകളുടെ യാത്രാദുരിതം വർധിച്ചു. ഉപ്പള റെയിൽവേ സ്റ്റേഷനിൽനിന്ന് കഷ്ടിച്ച് 150 മീറ്റർ ദൂരത്തിലാണ് കടപ്പുറം. സ്വന്തം വാഹനങ്ങളും ഓട്ടോറിക്ഷയും ഉൾപ്പെടെ ചെറുവാഹനങ്ങളുമാണ് കൂടുതലായും ഇവിടെ യാത്രയ്ക്കായി ആശ്രയിക്കുന്നത്. റോഡ് തകർന്നതോടെ യാത്രാദുരിതം ഇരട്ടിയായി. കഴിഞ്ഞവർഷം തകർന്ന റോഡുകൾ വീണ്ടും നന്നാക്കി. ഒന്നുരണ്ട്‌ മാസമായി തുടരുന്ന കടലേറ്റത്തിൽ റോഡ് വീണ്ടും തകർന്നു. തീരദേശറോഡിന് വേണ്ടി ഇനി പണം മുടക്കേണ്ടെന്നും പകരം ഉൾഭാഗത്തുള്ള പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കിയാൽ മതിയെന്നുമാണ് നാട്ടുകാർ പറയുന്നത്.

കടലേറ്റം തടയാൻ ചെറിയ പുലിമുട്ടുകളും ജിയോബാഗ് സംവിധാനവും നടപ്പാക്കിയെങ്കിലും എല്ലാം കടലെടുത്തു. മത്സ്യത്തൊഴിലാളികളായ ശകുന്തള ശാലിയാൻ, സുന്ദര, രവി, ശശികല, നിവേദിത, ജയറാം, കേശവ തുടങ്ങിയവരുടെ വീടുകളിലേക്ക് വെള്ളം കയറുന്നത് പതിവാണ്.

ബീച്ച് ടൂറിസം പദ്ധതിയും കടൽ വിഴുങ്ങി

വിനോദസഞ്ചാരമേഖലയിൽ മഞ്ചേശ്വരത്തിന്റെ പ്രതീക്ഷയായ കണ്വതീർഥ ബീച്ച് വികസനപദ്ധതി മുഴുവനായും കടൽ വിഴുങ്ങി. ടൂറിസംവികസനത്തിന്റെ ഭാഗമായി ഇവിടെ സ്ഥാപിച്ച കണ്ടെയ്നറുകൾ, കിയോസ്ക്, റെയിൻഷെൽട്ടർ, നടപ്പാത, ഇരിപ്പിടങ്ങൾ, കുട്ടികളുടെ പാർക്ക്, ബയോ ഫെൻസിങ്, കുടിവെള്ള ടാങ്കിന് വേണ്ടി ഒരുക്കിയ അടിത്തറ ഉൾപ്പെടെ ഒരു മാസം മുൻപ് കടലേറ്റത്തിൽ തകർന്നു.

1.15 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിരുന്നത്. നിർമാണപ്രവൃത്തി ഭൂരിഭാഗവും പൂർത്തിയായിരുന്നു. ബാക്കി ജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്താനിരിക്കെയാണ് കടലേറ്റം നാശംവിതച്ചത്. ഇതോടെ ഇവിടത്തെ വിനോദസഞ്ചാരവികസനം അവതാളത്തിലായി. ഇതിന് സമീപത്തായി ജല അതോറിറ്റിയുടെ കൂറ്റൻ ജലസംഭരണിയുണ്ട്. കടലേറ്റം തുടർന്നാൽ ഏത് നിമിഷവും ഇതും നിലംപൊത്തും.

ഗാബിയോൺ ബോക്സ്, ഗ്രോയിനുകൾ എല്ലാം പരാജയം

കടലേറ്റം തടയാൻ വർഷം തോറും ചെലവാക്കുന്നത് കോടികളാണ്. ഏതാനും വർഷം മുൻപ് മൂസോടിക്കും ഹനുമാൻനഗറിനുമിടയിൽ നിശ്ചിത അകലത്തിൽ ചെറിയ കരിങ്കൽഭിത്തികൾ നിർമിച്ച് ഇരുമ്പുനെറ്റ് (ഗാബിയോൺ ബോക്സുകൾ) സ്ഥാപിച്ചിരുന്നു. എന്നാൽ, വൈകാതെ ഇതും കടലെടുത്തു. ഇതിന്റെ അവശിഷ്ടങ്ങൾ തീരത്ത് അവിടെയിവിടെയായി കാണാം.

കടലിന് കുറുേക നിശ്ചിതയകലത്തിൽ കരിങ്കല്ലുകൾ (ഗ്രോയിനുകൾ) പാകിയിട്ടുണ്ട്. ഇത് മറികടന്നാണ് ഇപ്പോൾ തിരമാലകൾ അടിച്ചുകയറുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലായി പരീക്ഷിച്ച് വിജയിച്ച ടെട്രാപോഡ് സംവിധാനം ഇവിടെ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here