ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. എസി, നോൺ എസി, സ്ലീപ്പർ, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളുടെ നിരക്കാണ് വർധിപ്പിച്ചത്. അഞ്ച് വർഷത്തിന് ശേഷമാണ് യാത്രാ നിരക്കുകൾ റെയിൽവേ മന്ത്രാലയം വർധിപ്പിക്കുന്നത്. സബർബൻ ട്രെയിൻ നിരക്കുകളും പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കുകളിലും വർധനവ് വരുത്തിയിട്ടില്ല.
എസി ക്ലാസ് (ഫസ്റ്റ് ക്ലാസ്, 2-ടയർ, 3-ടയർ, ചെയർ കാർ) ടിക്കറ്റ് നിരക്കുകൾ കിലോമീറ്ററിന് രണ്ട് പൈസ വീതം വർധിപ്പിച്ചു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ (സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് (ജനറൽ), ഫസ്റ്റ് ക്ലാസ്) നോൺ-എസി ക്ലാസുകൾക്ക് കിലോമീറ്ററിന് ഒരു പൈസ വീതമാണ് നിരക്ക് വർധന.
പുതിയ നിരക്ക് പ്രകാരം, ഏതെങ്കിലും എസി ക്ലാസിൽ 1,000 കിലോമീറ്റർ സഞ്ചരിക്കുന്ന ഒരു യാത്രക്കാരന് 20 രൂപ അധികം നൽകേണ്ടിവരും. ഏതെങ്കിലും മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിനുകളുടെ സ്ലീപ്പർ അല്ലെങ്കിൽ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക്, അധിക നിരക്കായി 10 രൂപ നൽകേണ്ടി വരും.
ഓർഡിനറി ട്രെയിനുകളിലെ സെക്കൻഡ് ക്ലാസ് അല്ലെങ്കിൽ ജനറൽ ക്ലാസിന് 500 കിലോമീറ്റർ വരെ നിരക്ക് വർധനയില്ല. അതിനുശേഷം, 501 കിലോമീറ്റർ മുതൽ 1,500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 5 രൂപയും, 1,501 കിലോമീറ്റർ മുതൽ 2,500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 10 രൂപയും, 2,501 കിലോമീറ്റർ മുതൽ 3,000 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 15 രൂപയും വർധിപ്പിച്ചു.
ജൂലൈ ഒന്നിന് മുൻപ് ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകളെ പുതുക്കിയ നിരക്കുകൾ ബാധിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജ് തുടങ്ങിയ അധിക ചാർജുകൾ ഈടാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.