ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തൽ; 20 പൊലീസുദ്യോഗസ്ഥർ അന്വേഷണത്തിൻ്റെ ഭാഗമാവും

0
13

ബെംഗളൂരു: ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിപുലീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമംഗളൂരു എന്നീ ജില്ലകളിൽ നിന്ന് 20 പൊലീസുദ്യോഗസ്ഥർ അന്വേഷണസംഘത്തിന്‍റെ ഭാഗമാകും. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിൽ നാലംഗ ഐപിഎസ് സംഘത്തെ നേരത്തെ നിയമിച്ചിരുന്നു. ഇതിൽ രണ്ട് പേർ പിൻമാറുകയാണെന്ന് സർക്കാരിനെ അറിയിച്ചെന്നാണ് സൂചന. ഇതിൽ അന്തിമ തീരുമാനമായിട്ടില്ലെന്നിരിക്കേയാണ് 20 പൊലീസുദ്യോഗസ്ഥരെക്കൂടി അന്വേഷണസംഘത്തിന്‍റെ ഭാഗമാക്കുന്നത്. നിരവധി സ്ത്രീകളെ മറവുചെയ്തെന്ന് ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തിയത്.

വെളിപ്പെടുത്തലിന് പിന്നാലെ ധർമസ്ഥല ക്ഷേത്ര ട്രസ്റ്റ് മാധ്യമവിലക്ക് ഉത്തരവ് നേടി. ഇനിയൊരു ഉത്തരവ് വരുന്നത് വരെ ട്രസ്റ്റിനെതിരെ ‘അപകീർത്തികര’മായ ഒരു വിവരവും പ്രസിദ്ധീകരിക്കരുതെന്നാണ് ഉത്തരവ്. ബെംഗളുരു സിറ്റി സിവിൽ സെഷൻസ് കോടതി ജഡ്‍ജി വിജയ് കുമാർ റായിയുടേതാണ് ഉത്തരവ്. 8842 മാധ്യമ വാർത്തകളുടെ ലിങ്കുകൾ പിൻവലിക്കാനാണ് ഉത്തരവ് നേടിയിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ മുതൽ യൂട്യൂബർമാർക്ക് വരെ എതിരെയാണ് ഉത്തരവ്. ഹർജിയിൽ മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്തകൾക്ക് മുതൽ റെഡ്ഡിറ്റ് പോസ്റ്റ് ലിങ്കുകൾക്ക് വരെ ഉത്തരവ് ബാധകമാണ്. ഹർജിയിൽ പേരുള്ളതും ഇല്ലാത്തതുമായ എല്ലാ മാധ്യമസ്ഥാപനങ്ങളും ഇനിയൊരുത്തരവ് വരുന്നത് വരെ ‘അപകീർത്തികരമായ’ വാർത്ത നൽകരുതെന്നും ഉത്തരവിൽ പറയുന്നു.

അതിനിടെ കടുത്ത മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമായി. വാർത്ത പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കുന്ന ഉത്തരവുകളിൽ ഇടപെടണമെന്ന് സുപ്രീംകോടതിയിൽ ഹർജി എത്തി. കർണാടകയിൽ മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തി കേസുകൾ നൽകുന്നതിൽ നിന്ന് ധർമശാല ട്രസ്റ്റിനെ വിലക്കണം, അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കരുത് എന്ന് മാധ്യമങ്ങൾക്ക് കോടതി ഉത്തരവ് നൽകുന്നത് വസ്തുത പരിശോധിച്ചാകണം, നിയമ നടപടികളുടെ വിവരങ്ങൾ നൽകുന്നത് അപകീർത്തിയുടെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കണം എന്നിവയെല്ലാമാണ് ഹർജിയിലെ ആവശ്യങ്ങൾ. തേഡ് ഐ എന്ന യൂട്യൂബ് ചാനലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

വെളിപ്പെടുത്തൽ നടത്തിയത് ശുചീകരണ തൊഴിലാളി

ധ‍ർമസ്ഥലയിൽ 1995 മുതൽ 2014 വരെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത ആളാണ് വെളിപ്പെടുത്തൽ നടത്തിയത്. 10 വ‍ർഷത്തിനിടെ കുഴിച്ച് മൂടേണ്ടിവന്നത് നൂറ് കണക്കിന് മൃതദേഹങ്ങളാണെന്നും കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും ആകാത്ത സ്ഥിതിയിലായതിനാലാണ് എല്ലാം തുറന്നു പറയുന്നതെന്നും അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തിൽ പറയുന്നു. ഓജസ്വി ഗൗഡ, സച്ചിൻ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് കത്ത് പുറത്ത് വിട്ടത്.

മറവ് ചെയ്ത മൃതദേഹങ്ങളിൽ ഏറിയ പങ്കും യുവതികളുടേതാണെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു. അന്ത്യ കർമ്മങ്ങൾ പോലും ചെയ്യാതെ മറവ് ചെയ്തതിനാൽ മരിച്ചവരുടെ ആത്മാക്കൾ തന്നെ വേട്ടയാടുന്നുവെന്നാണ് ഇയാൾ വിശദമാക്കിയത്. മരിച്ചവർക്ക് മാന്യമായ രീതിയിലുള്ള അന്തിമ സംസ്കാരത്തിനുള്ള അവസരം ഒരുക്കാനാണ് വെളിപ്പെടുത്തലെന്നും പറഞ്ഞു. തുടർന്ന് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് കര്‍ണാടക സർക്കാർ ഉത്തരവിറക്കിയത്. ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. ഐജി എം എൻ അനുചേത്, ഡിസിപി സൗമ്യലത, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here