‘സ്ത്രീധനം കൊടുത്താൽ കുറ്റമില്ല, വാങ്ങുന്നത് കുറ്റം’; നിർവചനം മാറ്റി, നിയമഭേദഗതിക്ക് സർക്കാർ

0
11

തിരുവനന്തപുരം: സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ഒഴിവാക്കി 1961-ലെ സ്ത്രീധനനിരോധന നിയമത്തിൽ‌ സുപ്രധാന ഭേദഗതിവരുന്നു. വരനോ, വരന്റെ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതുമാത്രം കുറ്റകരമാക്കും. ഇതിനുള്ള കരട് (ദ ഡൗറി പ്രൊഹിബിഷൻ -കേരള അമൻമെൻഡ്-ബിൽ 2025) നിയമപരിഷ്‌കരണ കമ്മിഷൻ സർക്കാരിന് കൈമാറി. ഇതു പരിശോധിച്ച് ചട്ടഭേദഗതിയിലേക്ക് കടക്കാനാണ് ആലോചന.

നിലവിലെ നിയമത്തിൽ സ്ത്രീധനം നൽകുന്നതും വാങ്ങുന്നതും കുറ്റകരമാണ്. എന്നാൽ, സ്ത്രീധനം നൽകുന്ന വധുവാണ് പിന്നീട് അതിന്റെപേരിൽ പീഡിപ്പിക്കപ്പെടുന്നത്. സ്ത്രീധനം നൽകിയത് കുറ്റമായതിനാൽ നിയമനടപടി ഭയന്ന് വധുവിന്റെ ഭാഗത്തുനിന്ന് പരാതിനൽകാൻ മടിക്കും. ഇത് ഒഴിവാക്കാനാണ് നിയമഭേദഗതി.

കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് 99 സ്ത്രീകൾ സ്ത്രീധനത്തിന്റെപേരിൽ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് കണക്ക്.

വിവാഹത്തിനുശേഷം സ്ത്രീധനത്തിന്റെപേരിൽ സ്ത്രീകൾക്കുനേരേയുണ്ടാകുന്ന ഗാർഹികപീഡനവും സ്ത്രീധനനിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. സ്ത്രീധനത്തിന്റെപേരിൽ ഭർത്താവ് നേരിട്ടോ അല്ലാതെയോ ഭാര്യയെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചാൽ രണ്ടുവർഷംവരെ തടവും 25,000 രൂപ പിഴയുമാണ് നിർദേശിച്ചിരിക്കുന്നത്.

നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെട്ടാൽ ആറുമാസംമുതൽ രണ്ടുവർഷംവരെ തടവിനൊപ്പം പിഴത്തുക 50,000 രൂപയായി ഉയർത്തി. നിലവിൽ പതിനായിരമായിരുന്നു പിഴ.

നിർവചനം

നിലവിൽ: ‘സ്ത്രീധനം’ എന്നാൽ ഒരു കക്ഷി നേരിട്ടോ അല്ലാതെയോ വിവാഹത്തിനായി മറ്റൊരു കക്ഷിക്ക് നൽകുകയോ നൽകാമെന്ന് സമ്മതിക്കുകയോ ചെയ്യുന്ന ഏതെങ്കിലും വസ്തു അല്ലെങ്കിൽ വിലപ്പെട്ട സെക്യൂരിറ്റി.

ഭേദഗതി: വിവാഹവുമായി ബന്ധപ്പെട്ട് വരനോ അയാളുടെ ബന്ധുക്കളോ വധുവിൽനിന്നോ അവളുടെ ബന്ധുക്കളിൽനിന്നോ വാങ്ങുന്ന ഏതെങ്കിലും വസ്തു അല്ലെങ്കിൽ വിലപ്പെട്ട സെക്യൂരിറ്റി.

ശിക്ഷ

നിലവിൽ: സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചുവർഷത്തിൽ കുറയാത്ത തടവും 15,000 രൂപയോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ വലുത് അത്രയും പിഴയും ലഭിക്കാവുന്ന കുറ്റം.

ഭേദഗതി: സ്ത്രീധനം വാങ്ങുന്നത് മൂന്നുവർഷത്തിൽ കുറയാത്തതും ഏഴുവർഷംവരെ തടവും ലഭിക്കാവുന്ന കുറ്റം. പിഴത്തുക അൻപതിനായിരംമുതൽ ഒരുലക്ഷം രൂപവരെയോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ കൂടുതൽ അത്രയും.

സ്ത്രീധനപീഡനം കാരണമുള്ള മരണം

2016 25

2017 12

2018 17

2019 8

2020 6

2021 9

2022 11

2023 8

2024 3

2025 മേയ് വരെ 3

സ്ത്രീധനനിരോധന നിയമപ്രകാരമെടുത്ത കേസ്

2025 മേയ്‌വരെ 14

2024 17

2023 11

2022 28

2021 39

2020 3

LEAVE A REPLY

Please enter your comment!
Please enter your name here