ന്യൂഡല്‍ഹി: സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന നിര്‍ദേശം നല്‍കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അമിത ഓയിലും പഞ്ചസാരയും അടങ്ങിയ ഭക്ഷണം പുകയിലയ്ക്ക് സമാനമായ അപകടം വരുത്തിവെക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ക്കിടയിലാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. ഇവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഫാറ്റിന്റെയും പഞ്ചസാരയുടെയും അളവ് കടുംനിറമുള്ള പോസ്റ്ററില്‍ നല്‍കണം.
ജിലേബി, സമൂസ എന്നീ ലഘുഭക്ഷണങ്ങള്‍ക്ക് പുറമേ ലഡ്ഡു, വടാ പാവ്, പക്കോഡ എന്നിവയെല്ലാം സൂക്ഷ്മ പരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സിഗരറ്റ് മുന്നറിയിപ്പുകള്‍ പോലെ ഭക്ഷണ ലേബലിംഗും ഗൗരവമുള്ളതായി മാറുന്നതിന്റെ തുടക്കമാണിതെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അമര്‍ അമാലെ പറഞ്ഞു.
2050 ആകുമ്പോഴേക്കും 44.9 കോടിയിലധികം ഇന്ത്യക്കാര്‍ അമിതഭാരമുള്ളവരാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ 2050ല്‍ അമിതവണ്ണത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ പിന്നില്‍ ലോകത്തില്‍ രണ്ടാമതായി ഇന്ത്യ മാറും. നഗരപ്രദേശങ്ങളിലെ മുതിര്‍ന്നവരില്‍ ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് അമിതഭാരമുണ്ടെന്നും കണക്കുകള്‍ പറയുന്നു. കുട്ടികളുടെ തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും മൂലം കുട്ടികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.