ഇന്ത്യയുടെ 40% സമ്പത്ത് 1% ആളുകളുടെ കൈവശം: രാജ്യത്തെ വരുമാന വിടവ് ബ്രിട്ടീഷ് ഭരണകാലത്തേക്കാൾ രൂക്ഷമെന്ന് സാമ്പത്തിക വിശകലന വിദഗ്ധർ

0
45

ന്യൂഡൽഹി: ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നർ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40.1% നിയന്ത്രിക്കുന്നതായി സാമ്പത്തിക വിശകലന വിദഗ്ദ്ധൻ ഹാർദിക് ജോഷിയുടെ സമീപകാല വിശകലനം ചൂണ്ടികാണിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കൊളോണിയൽ പ്രഭുക്കന്മാർ കൈവശം വച്ചിരുന്നതിനേക്കാൾ കൂടുതലാണ് ഇതെന്നതാണ് ശ്രദ്ധേയം. അതേസമയം, ജനസംഖ്യയുടെ അടിത്തട്ടിലുള്ള 50% പേർ 6.4% മാത്രമേ കൈവശം വെക്കുന്നുള്ളു.

ലോക അസമത്വ ഡാറ്റാബേസിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഹാർദിക് ജോഷി തന്റെ കണ്ടെത്തലുകൾ വിവരിക്കുന്നത്. അധിനിവേശ ബ്രിട്ടീഷ് ഭരണമുൾപ്പടെയുള്ള വിദേശ ഭരണത്തിൻ കീഴിൽ പോലും കാണാത്ത തലങ്ങളിലേക്ക് സാമ്പത്തിക അസമത്വം വർധിച്ചിട്ടുണ്ടെന്ന് ഹർദിക് വാദിക്കുന്നു. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും നയങ്ങളുടെ അനന്തരഫലങ്ങളാണെന്നും ഹർദിക് ചൂണ്ടികാണിക്കുന്നു. ‘രാജ്യത്തിന്റെ പകുതിയും നുറുക്കുകൾക്കായി പോരാടുമ്പോൾ ഒരു ചെറിയ വിഭാഗം സങ്കൽപ്പിക്കാനാവാത്ത ആഡംബരത്തിലാണ് ജീവിക്കുന്നത്.’ ഹർദിക് ലിങ്ക്ഡ് ഇൻ പോസ്റ്റിൽ എഴുതി.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന 10% പേർ ദേശീയ വരുമാനത്തിന്റെ 57.7% സമ്പാദിക്കുന്നുണ്ടെന്നും താഴെത്തട്ടിലുള്ള പകുതി പേർക്ക് വളരെ ചെറിയ വിഹിതം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും വിശകലനം എടുത്തുകാണിക്കുന്നു. സമ്പന്നർക്ക് അനുകൂലമായ നികുതി നിയമങ്ങൾ, ദുർബലമായ തൊഴിൽ സംരക്ഷണം, വർധിച്ചുവരുന്ന കോർപ്പറേറ്റ് ഏകീകരണം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിന് കാരണമായതായി ഹർദിക് പറഞ്ഞു. നിലവിലുള്ള വ്യവസ്ഥ അസമത്വം പരിഹരിക്കുന്നതിന് പകരം അത് ശക്തിപ്പെടുത്തുകയാണെന്നും ഹർദിക് അവകാശപ്പെട്ടു. ‘അസമത്വം അധികാരമുള്ളവരെ വേദനിപ്പിക്കുന്നില്ല അവരെ സഹായിക്കുന്നു. അവർ തെരഞ്ഞെടുപ്പുകൾക്ക് പണം നൽകുന്നു. അവർ മാധ്യമ വിവരണത്തെ രൂപപ്പെടുത്തുന്നു. പുനർവിതരണത്തിനെതിരെ ലോബി ചെയ്യുന്നു. നമ്മൾ ആവശ്യത്തിന് സമ്പത്ത് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അത് ന്യായമായി പങ്കിടുന്നില്ല.’ ഹർദിക് പറയുന്നു.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി സ്വത്ത് നികുതി, ശക്തമായ തൊഴിൽ സംരക്ഷണം, ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും കൂടുതൽ നിക്ഷേപം എന്നിവ പരിഗണിക്കണമെന്ന് ഹർദിക് ജോഷി സർക്കാരിനോട് ആവശ്യപ്പെട്ടു. യഥാർത്ഥ രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാകുന്നതുവരെ ഇത് കൂടുതൽ വഷളായിക്കൊണ്ടേയിരിക്കുമെന്നും ഹർദിക് മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here