ലോർഡ്സ്: ആദ്യ ഇന്നിങ്സിൽ ഒപ്പത്തിനൊപ്പം,പിന്നീട് ശരവേഗത്തിലായിരുന്നു എല്ലാം. 192 റൺസിന് ഇംഗ്ലീഷ് ബാറ്റർമാർ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടിടിച്ച് വീണപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ബാറ്റർമാർ അതിനേക്കാൾ വേഗത്തിൽ തകർന്നടിഞ്ഞു. അവസാന ലാപ്പിൽ വാലറ്റക്കാരുമായി ജഡേജ നടത്തിയ ചെറുത്ത് നിൽപ്പും വിജയം കാണാതിരുന്നതോടെ ഇംഗ്ലണ്ട് പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യക്ക് പരാജയം. 22 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നിൽ രണ്ട് വിജയവുമായി ആതിഥേയർ ആധിപത്യംനേടുകയും ചെയ്തു.
സ്റ്റോക്‌സും ആര്‍ച്ചറും എറിഞ്ഞ തീയുണ്ടകള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് വെച്ചുനീട്ടിയ 192 റണ്‍സെന്ന ലീഡ് മറികടക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കായില്ല. വാലറ്റക്കാരുമായി ജഡേജ നടത്തിയ ഇന്ത്യൻ ഇന്നിങ്സിൽ വേറിട്ട് നിന്നു. 61 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. സ്‌കോര്‍: ഇംഗ്ലണ്ട് 387, 192. ഇന്ത്യ 387, 170
നാലാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ 58 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അഞ്ചാം ദിനത്തില്‍ 112 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബാക്കി അഞ്ചു വിക്കറ്റുകള്‍ കൂടി വീണു. അഞ്ചാംദിനം ആരംഭിച്ചതിന് പിന്നാലെ ഋഷഭ് പന്താണ് ആദ്യം കരകയറിയത്. ജോഫ്ര ആര്‍ച്ചര്‍ പന്തിന്റെ കുറ്റി തെറിപ്പിച്ചു. ഒമ്പത് റണ്‍സാണ് പന്തിന് എടുക്കാനായത്. പിന്നാലെ അതുവരെ പിടിച്ചുനിന്ന ഓപ്പണര്‍ രാഹുലും (39) വീണു. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ രാഹുല്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു.
പിന്നീടെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ കണ്ണടച്ച് തുറക്കുംമുമ്പേ മടങ്ങി. ആര്‍ച്ചറിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയായിരുന്നു സംപൂജ്യനായി വാഷിങ്ടണ്‍ സുന്ദറിന്റെ മടക്കം. പിന്നീട് രവീന്ദ്ര ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും ഉച്ച ഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പ് നിതീഷ് (13) വീണു. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയായിരുന്നു മടക്കം. തുടര്‍ന്നെത്തിയ ജസ്പ്രീത് ബുംറയുമായും സിറാജുമായും ചേർന്ന് ജഡേജ കൂട്ടുക്കെട്ട് ഉണ്ടാക്കിയ കൂട്ടുക്കെട്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇംഗ്ലീഷ് ക്യാപ്റ്റന്‍ സ്റ്റോക്‌സ് ബുംറയെ പറഞ്ഞുവിട്ടു. ഒമ്പതാം വിക്കറ്റില്‍ 35 റണ്‍സിന്റെ കൂട്ടിക്കെട്ടാണ് ബുംറയും ജഡേജയും ചേര്‍ന്നുണ്ടാക്കിയത്. പിന്നീടെത്തിയ സിറാജ് 30 പന്ത് പിടിച്ചുനിന്നെങ്കിലും ഒടുവിൽ കീഴടങ്ങി.