കാസർകോട് : മഞ്ചേശ്വരത്ത് പോലീസിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ച 33.05 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഉപ്പള സോങ്കാൽ കൗശിക് നിലയത്തിലെ എ.അശോകയാണ് (45) അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചത്. അശോകയുടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ജില്ലയിലെ കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡിയുടെ നിർദേശ പ്രകാരം കാസർകോട് ഡിവൈഎസ്‌പി സി.കെ.സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം എസ്‌ഐ കെ.ആർ.ഉമേഷ്, പ്രൊബേഷണറി എസ്‌ഐ അജയ് എസ്.മേനോൻ, എഎസ്‌ഐ അതുൽ റാം, രാജേഷ്, ദർശന, ഡാൻസാഫ് ടീം അംഗങ്ങളായ ഷജീഷ്, ഹരിപ്രസാദ്, പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.