ദില്ലി: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാനായുള്ള ടീമുകളുടെ പോരാട്ടം കടുക്കുന്നു. കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടതോടെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുന്നോട്ടുള്ള യാത്ര ഏറെ ദുഷ്കരമായി മാറിയിരിക്കുകയാണ്. ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ചെന്നൈ അവരുടെ തുടർ പരാജയങ്ങൾക്ക് വിരാമമിട്ടപ്പോൾ പ്ലേ ഓഫ് കാണാതെ പുറത്താകലിൻറെ വക്കിലാണ് കൊൽക്കത്ത എത്തിപ്പെട്ടത്.
ഐപിഎല്ലിൽ ലീഗ് ഘട്ടത്തിൽ 13 മത്സരങ്ങൾ കൂടി അവശേഷിക്കെ ഇതുവരെ ഒരു ടീമുപോലും പ്ലേ ഓഫ് യോഗ്യത നേടിയിട്ടില്ല. ഏഴ് ടീമുകൾ ഇപ്പോഴും പ്ലേ ഓഫിൽ എത്താനായുള്ള പോരാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടന്ന മത്സരത്തിലെ രണ്ട് വിക്കറ്റിന്റെ തോൽവി നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേ ഓഫ് സാധ്യതകൾക്ക് കനത്ത തിരിച്ചടിയായി. 12 മത്സരങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്തയ്ക്ക് നിലവിൽ 11 പോയിന്റ് മാത്രമേയുള്ളൂ. രണ്ട് മത്സരങ്ങൾ കൂടി മാത്രമാണ് കൊൽക്കത്തയ്ക്ക് ഇനി അവശേഷിക്കുന്നത്. രണ്ടും എവേ മത്സരങ്ങളായതിനാൽ വിജയം അത്ര എളുപ്പമാകില്ല. രണ്ട് മത്സരങ്ങളിൽ വിജയിച്ചാലും കൊൽക്കത്തയ്ക്ക് പരമാവധി 15 പോയിന്റാണ് നേടാനാകുക. ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഇതിനകം 16 പോയിന്റുകൾ വീതം സ്വന്തമാക്കി കഴിഞ്ഞു. അതേസമയം, പഞ്ചാബ് കിംഗ്‌സിന് ഇനി മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്. ഇതിനോടകം തന്നെ 15 പോയിന്റുകൾ നേടുകയും ചെയ്തു.
ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾ ശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച് പോയിന്റ് നിലയിൽ മുന്നേറുകയും കൊൽക്കത്ത രണ്ട് മത്സരങ്ങളിൽ വിജയിക്കുകയും മുംബൈ ഇന്ത്യൻസ് അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ തോറ്റ് 14 പോയിന്റിൽ തുടരുകയും ചെയ്താൽ മാത്രമേ കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലേയ്ക്ക് യോഗ്യത നേടാനാകൂ. അങ്ങനെയെങ്കിൽ കൊൽക്കത്തയ്ക്കും ഡൽഹി ക്യാപിറ്റൽസിനും 15 പോയിന്റുകൾ വീതം ലഭിക്കും. നെറ്റ് റൺ റേറ്റ് അനുസരിച്ച് പ്ലേ ഓഫിനുള്ള നാലാമത്തെ ടീമിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകുകയും ചെയ്യും.
മറ്റൊരു സാഹചര്യം പരിഗണിച്ചാൽ, അടുത്ത മത്സരങ്ങളിൽ ബെംഗളൂരുവും ഗുജറാത്തും എതിരാളികളെ പരാജയപ്പെടുത്തുകയും പഞ്ചാബ് കിംഗ്‌സ് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ തോൽക്കുകയും ഡൽഹി ഗുജറാത്തിനോടും മുംബൈയോടും പരാജയപ്പെടുകയും ലക്നൗ അവശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നിൽ തോൽക്കുകയും ചെയ്താൽ കൊൽക്കത്ത, പഞ്ചാബ്, ഡൽഹി എന്നീ ടീമുകൾ 15 പോയിന്റുകൾ വീതം നേടി ഫിനിഷ് ചെയ്യും. പ്ലേ ഓഫിൽ ഗുജറാത്ത്, ബെംഗളൂരു, മുംബൈ എന്നിവരോടൊപ്പം നാലാം സ്ഥാനത്തേക്ക് എത്തുന്ന ടീമിന് റൺ റേറ്റ് നിർണായകമാകും. അതായത്, പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതിന് കൊൽക്കത്ത നിരവധി ഫലങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് സാരം.
ഈ ഐപിഎൽ സീസണിൽ രണ്ട് തവണ മഴ കാരണം മത്സരങ്ങൾ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. പഞ്ചാബ് – കൊൽക്കത്ത, ഡൽഹി – സൺറൈസേഴ്സ് മത്സരങ്ങളാണ് മഴയിൽ മുങ്ങിയത്. ധർമ്മശാലയിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ പഞ്ചാബും ഡൽഹിയും പരസ്പരം ഏറ്റുമുട്ടും. ജയിക്കാനായാൽ പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയും 17 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്യും. മറുവശത്ത്, ഇന്ന് വിജയിച്ചാൽ ഡൽഹി മുംബൈ ഇന്ത്യൻസിനെ മറികടന്ന് ടോപ് 4ൽ എത്തും. മാത്രമല്ല, പോയിന്റ് പട്ടികയിൽ പഞ്ചാബിനൊപ്പം ഒരേ പോയിന്റുമായി പഞ്ചാബിനൊപ്പമെത്താനും ഡൽഹിക്ക് കഴിയും. നിലവിൽ, ഈ രണ്ട് ടീമുകൾക്കും ഏതാണ്ട് ഒരേ നെറ്റ് റൺ റേറ്റാണുള്ളത്. ഡൽഹി വിജയിച്ചാൽ അവർ പഞ്ചാബിനെ മറികടക്കാനും സാധ്യതയുണ്ട്. മറിച്ച്, പരാജയമാണ് ഫലമെങ്കിൽ ഡൽഹിയ്ക്ക് അവസാന രണ്ട് മത്സരങ്ങളിലും വിജയിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.