കേരളത്തില്‍ സ്ത്രീധന പീഡന മരണങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളും പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന് നമ്മുടെ നാട്ടിലെ ഓരോ ആളുകള്‍ക്കും അറിയാമെങ്കിലും ഈ സമ്പ്രദായം മാറ്റി നിര്‍ത്താന്‍ പലരും തയ്യാറാകുന്നില്ല. 2019 തില്‍ അഞ്ച് വര്‍ഷം കൊണ്ട് കേരളം സ്ത്രീധന മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനിടയില്‍ത്തന്നെ ധാരാളം സ്ത്രീധന പീഡനങ്ങളും മരണങ്ങളും കേരളത്തില്‍ നടന്നുകഴിഞ്ഞിരുന്നു. വിദ്യാഭ്യാസപരവും സാമൂഹികപരമായും വളരെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലുണ്ടാകുന്ന ഇത്തരം കേസുകള്‍ ലജ്ജാവഹം കൂടിയാണെന്ന് പറയാതെവയ്യ.
സ്ത്രീകള്‍ നേരിടുന്ന ശാരീരിക മാനസിക പീഡനങ്ങളില്‍ ഏറിയ പങ്കും ഉണ്ടാകുന്നത് കുടുംബത്തില്‍ നിന്നും ജീവിത പങ്കാളിയില്‍ നിന്നുമാണ്. കഴിഞ്ഞ ദിവസമാണ് തുഷാര കേസില്‍ കോടതി വിധി പ്രഖ്യാപിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ തുഷാര എന്ന പെണ്‍കുട്ടിയെ ഭര്‍ത്താവ് ചന്തുലാലും ഭര്‍തൃമാതാവ് ഗീതലാലിയും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. 2013ല്‍ വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ബാക്കി സ്ത്രീധനം നല്‍കിയില്ല എന്നതിന്റെ പേരില്‍ തുഷാരയേയും കുടുംബത്തേയും ഇവര്‍ പീഠിപ്പിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ തുഷാര മരിക്കുമ്പോള്‍ ഭാരം വെറും 21 കിലോഗ്രാം മാത്രമായിരുന്നു എന്നും വയറ്റില്‍ ഭക്ഷണത്തിന്റെ അംശം പോലും ഇല്ലായിരുന്നു എന്നും അസ്ഥിയില്‍ തൊലി പറ്റിപ്പിടിച്ചിരുന്നു എന്നും മാംസം ഉണ്ടായിരുന്നില്ല എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം കണ്ണൂരിലും നടന്നിരുന്നു. പായം കേളന്‍പീടിക സ്വദേശിനിയായ 24 വയസുകാരിയായ സ്‌നേഹ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് നിറം കുറവായിരുന്നതിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ശാരീരിക ഉപദ്രവം സ്ഥിരമായിരുന്നുവെന്ന് അയല്‍വാസികളും സ്‌നേഹയുടെ ബന്ധുക്കളും പറയുന്നു.
വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്ന് ഹൈക്കോടതി
വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്നു കളമശേരി സ്വദേശി രശ്മി നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രശ്മി ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് സ്വര്‍ണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ട് എറണാകുളം കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ആദ്യം അത് നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ ഹൈക്കോടതിയിലെത്തിയത്. രശ്മി 2010ലാണ് വിവാഹിതയാവുന്നത്. കല്യാണ സമയത്ത് വീട്ടുകാര്‍ തനിക്ക് 63 പവന്‍ സ്വര്‍ണവും ഭര്‍ത്താവിനു രണ്ട് പവന്റെ മാലയും ബന്ധുക്കള്‍ സമ്മാനമായി ആറു പവനും നല്‍കിയതായി ഹര്‍ജിക്കാരി പറയുന്നു. താലിമാലയും ഒരു വളയും രണ്ടു മോതിരവും ഒഴിച്ചുള്ളവ സൂക്ഷിക്കാനെന്നു പറഞ്ഞ് ഭര്‍തൃമാതാപിതാക്കളുടെ മുറിയിലേക്കു മാറ്റി. പിന്നീട് 5 ലക്ഷം രൂപ കൂടി നല്‍കാത്തതിന്റെ പേരില്‍ ബന്ധം വഷളായി. കേസ് ഹൈക്കോടതിയില്‍ എത്തിയതോടെ ഹര്‍ജിക്കാരിക്ക് സ്ത്രീധനമായി കിട്ടിയ 59.5 പവന്‍ സ്വര്‍ണമോ ഇതിന്റെ വിപണിവിലയോ നല്‍കാന്‍ കോടതി ഭര്‍ത്താവിനോടു നിര്‍ദേശിച്ചു.