ഐപിഎല്‍ 18-ാം സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത; ഇക്കാര്യത്തില്‍ നാളെ ഔദ്യോഗിക തീരുമാനം

0
70

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐ നാളെ ഔദ്യോഗിക തീരുമാനമെടുക്കും. അതേസമയം, ധരംശാലയിലുള്ള ക്രിക്കറ്റ് താരങ്ങളേയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളേയും പ്രത്യേക ട്രെയ്‌നില്‍ തിരിച്ചെത്തിക്കും. ഇതിനിടെ പഞ്ചാബ് കിംഗ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു.

ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്. ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ കാണികളോട് സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്ത് പോവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൂരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചതെന്ന് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പാകിസ്ഥാന്‍, ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഡ്രോണുകളും മറ്റും അയച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സേന ഇതെല്ലാം നിര്‍വീര്യമാക്കുകയും ചെയ്തു. ഇത്തരം വാര്‍ത്തകള്‍ പിന്നാലെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നതും.

ഉപേക്ഷിച്ചതിന് പിന്നാലെ പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി ക്രിക്കറ്റ് പ്രേമികള്‍ തിരിഞ്ഞിരുന്നു. എഎന്‍ഐ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതേസമയം, പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാവാന്‍ ദില്ലിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പാക് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാകണമെന്നാണ് അറിയിപ്പ്.

പാക്ക് ആക്രമണത്തിന് ശക്തമായ പ്രത്യാക്രമണം നടത്തുകയാണ് ഇന്ത്യ. ജമ്മുവില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. പഞ്ചാബ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ വ്യോമാക്രമണ ശ്രമം നടത്തിയത്. സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു. പാകിസ്ഥാന്റെ എട്ട് മിസൈലുകളും ഇന്ത്യ തകര്‍ത്തു. എപ് 16, ജെഎഫ് 17 എന്നീ വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here