കോഴിക്കോട്: ലഹരിക്കെതിരെ വിസ്ഡം പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച വിദ്യാർഥി സമ്മേളനം നിർത്തിവെപ്പിച്ച പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എം.പി. സംഘടനയുടെ പേര് ‘വിസ്ഡം’ എന്നാണ്, കേരളത്തിലെ കാവി പൊലീസിന് ഇല്ലാതെ പോയതും അതാണെന്ന് ഷാഫി ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
താമസിച്ചു പോയത് റേവ് പാർട്ടിയല്ല, നിങ്ങളുടെ ഭരണത്തിന്‍റെ കൊള്ളരുതായ്മയുടെ കൂടി പേരിൽ നാടിനെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് നടത്തിയ വലിയ പ്രതിരോധ പ്രവർത്തനമാണ്. വിസ്ഡം പരിപാടിയിൽ താമസിച്ച് പോയ പത്ത് മിനിറ്റ് കൈകാര്യം ചെയ്യപ്പെടേണ്ടത് ഇങ്ങനെയായിരുന്നില്ല. ഈ വൃത്തികേട് കാണിച്ചവർക്കെതിരെ നടപടിയെടുക്കാൻ കേരളത്തിലൊരു ഭരണകൂടമുണ്ടെങ്കിൽ അത് മിനിറ്റും മണിക്കൂറും വൈകുന്നത് എന്തിനാണെന്നും ഷാഫി ചോദിച്ചു.
ഞായറാഴ്ച രാത്രിയാണ് വിസ്ഡം സംഘടിപ്പിച്ച കേരള സ്റ്റുഡന്‍റ്സ് കോൺഫറൻസ് പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചത്. അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് രാത്രി 10ന് പൊലീസ് സമ്മേളന വേദിയിലേക്ക് കടന്നുവന്നതും നിർത്തിവെക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ, 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും ക്രമീകരിച്ചതെന്നും പൊലീസെത്തുമ്പോൾ സമാപന പ്രസംഗം നടക്കുകയായിരുന്നെന്നും ഉടൻ നിർത്താമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ പൊലീസ് നിർത്താൻ ആക്രോശിക്കുകയായിരുന്നുവെന്നും വിസ്ഡം നേതാക്കൾ ആരോപിച്ചു.
ഷാഫിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;
അവരുടെ സംഘടനയുടെ പേര് Wisdom എന്നാണ് , 10 മിനുട്ടിൻ്റെ പേരിൽ കേരളത്തിലെ കാവി പോലീസിന് ലവലേശം ഇല്ലാതെ പോയതും അതു തന്നെയാണ്, Wisdom.
താമസിച്ചു പോയത് റേവ് പാർട്ടിയല്ല നിങ്ങളുടെ ഭരണത്തിൻ്റെ കൊള്ളരുതായ്മയുടെ കൂടി പേരിൽ നാടിനെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് നടത്തിയ വലിയ പ്രതിരോധ പ്രവർത്തനത്തിനെതിരെ കേരളത്തിലെ പോലീസ് പല്ലിളിച്ച് കാണിക്കുമ്പോൾ അവരറിയുന്നില്ല ലഹരിയെ പ്രതിരോധിക്കാൻ നമ്മള് 10 വർഷം താമസിച്ച് പോയെന്ന് , അത് കൊണ്ട് തന്നെ വിസ്ഡം പരിപാടിയിൽ താമസിച്ച് പോയ ആ 10 മിനുട്ട് കൈകാര്യം ചെയ്യപ്പെടേണ്ടത് ഇങ്ങനെയായിരുന്നില്ല എന്നും .
ഇനി ഈ വൃത്തികേട് കാണിച്ചവർക്കെതിരെ നടപടിയെടുക്കാൻ കേരളത്തിലൊരു ഭരണകൂടമുണ്ടെങ്കിൽ അത് മിനുട്ടും മണിക്കൂറും വൈകുന്നത് എന്തിനാണ് ?
നയം കാവിയാകുന്നത് കൊണ്ടല്ലാതെ മറ്റെന്ത് കൊണ്ടാണ്.