‘ഈ അധ്യായം കഴിഞ്ഞു, പക്ഷെ ഇനിയും കഥ തുടരും’; സൗദി പ്രോ ലീഗ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

0
18

ജിദ്ദ: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദി പ്രൊ ലീഗ് സീസണ്‍ സമാപിച്ചതിന് പിന്നാലെ ആ അധ്യായം കഴിഞ്ഞുവെന്ന റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം സൗദി പ്രോ ലീഗ് ടീമായ അല്‍ നസ്ർ വിടാനൊരുങ്ങുന്നുവെന്ന സൂചനകള്‍ നല്‍കിയത്. 2022ലാണ് ആരാധകരെ ഞെട്ടിച്ച് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് സൗദി പ്രോ ലീഗില്‍ അല്‍ നസ്റിനായി കളിക്കാന്‍ കരാറൊപ്പിട്ടത്.

പിന്നീട് നെയ്മറും ബെന്‍സേമയും അടക്കം ലോക ഫുട്ബോളിലെ ഒട്ടേറെ സൂപ്പര്‍ താരങ്ങള്‍ റൊണാള്‍ഡോയുടെ ചുവടുപിടിച്ച് സൗദി പ്രോ ലീഗിലെ വിവിധ ടീമുകളിലെത്തി. ഈ സീസണോടെ റൊണാള്‍ഡോയുടെ അല്‍ നസറുമായുള്ള കരാര്‍ അവസാനിക്കും. ക്ലബ്ബ് ലോകപ്പിനായി കളിക്കാരുമായി കരാറിലേര്‍പ്പെടാന്‍ ക്ലബ്ബുകള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ 10 വരെ പ്രത്യേക ട്രാന്‍സ്ഫര്‍ ജാലകം തുറക്കുന്നുണ്ട്. ഈ സമയത്ത് റൊണാള്‍ഡോ അല്‍ നസ്ർ വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് മാറുമെന്നാണ് സൂചന.

ഈ അധ്യായം കഴിഞ്ഞു, പക്ഷെ കഥ ഇനിയും തുടരും, എല്ലാവര്‍ക്കും നന്ദി എന്നയിരുന്നു റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഏപ്രിലില്‍ ജപ്പാനീസ് ക്ലബ്ബായ കാവസാക്കി ഫ്രൊണ്ടൈയിലിനോട് സെമിയില്‍ തോറ്റതോടെ അല്‍ നസ്ർ ഏഷ്യൻ ചാമ്പ്യൻസ് ലീഗില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. സൗദി പ്രോ ലീഗീല്‍ ടീം മൂന്നാമതായാണ് ഇത്തവണ ഫിനിഷ് ചെയ്തത്. ഇതും റൊണാള്‍ഡോയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്നാണ് കരുതുന്നത്.

25 ഗോളുകളുമായി ഈ സീസണിലും ലീഗിലെ ടോപ് സ്കോററായാണ് നാല്‍പതുകാരനായ റൊണാള്‍ഡ‍ോ ടീമിനോട് വിടപറയാനൊരുങ്ങുന്നത്. അല്‍ നസ്റിലായിരിക്കും താൻ അവസാന മത്സരം കളിക്കുകയെന്ന് കഴിഞ്ഞ സീസണൊടുവില്‍ റൊണാള്‍ഡോ പറഞ്ഞിരുന്നു. റൊണാള്‍ഡോ ക്ലബ്ബ് ലോകകപ്പില്‍ കളിക്കാനിടയുണ്ടെന്ന് നേരത്തെ ഫിഫ പ്രസിഡന്‍റ് ജിയാവാനി ഇന്‍ഫാന്‍റീനോയും സൂചിപ്പിച്ചിരുന്നു. ചില ക്ലബ്ബുകള്‍ റൊണാള്‍ഡോയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന ഇന്‍ഫാന്‍റീനോയുടെ പ്രസ്താവന വലിയ വിവാദമാകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here