സാങ്കേതിക വിദ്യയുടെ അതിവേഗ വികസനത്തിലൂടെ നമ്മുടെ ജീവിത ശൈലി ഏറെക്കുറെ മാറ്റങ്ങൾക്ക് വിധേയമായിക്കഴിഞ്ഞു. സ്മാർട്ട്ഫോണുകൾ ജീവിതത്തിന്റെ അനിവാര്യ ഘടകമായി മാറി. എന്നാൽ, ഈ സൗകര്യത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങളുണ്ട് – പ്രത്യേകിച്ച്, ടോയ്‌ലറ്റിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ. ഈ ശീലം പലരുടെയും ദിനചര്യയായി മാറിയിരിക്കുന്നു. ഈ രീതി ഇപ്പോൾ നിസ്സാരമായ ഒന്നായി തോന്നാം. എന്നാൽ, ഇതിന് വളരെ ഗൗരവമായ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാകാം.
61.6% ആളുകളും ടോയ്‌ലറ്റിൽ സ്മാർട്ട്‌ഫോണുകൾ കൊണ്ടുപോകുന്നു എന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടോയ്‌ലറ്റ് സീറ്റുകളേക്കാൾ കൂടുതൽ രോഗാണുക്കൾ സ്മാർട്ട്‌ഫോണുകളിൽ ഉണ്ടാകാനും ഇത് അണുബാധകൾക്ക് കാരണമാകാനും സാധ്യതയുണ്ട്. രോഗാണുക്കൾക്ക് ഫോൺ സ്ക്രീനുകളിൽ 28 ദിവസം വരെ ജീവിക്കാൻ കഴിയും. നോർഡ്‌വിപിഎൻ നടത്തിയ ഒരു പുതിയ പഠനത്തിൽ പത്തിൽ ആറ് പേരും ടോയ്‌ലറ്റിൽ സ്മാർട്ട്‌ഫോണുകൾ കൊണ്ടുപോകുന്നതായി കണ്ടെത്തി. പഠനത്തിൽ പങ്കെടുത്ത 61.6 ശതമാനം ആളുകളും ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്ക്രോൾ ചെയ്യാനാണ് വാഷ്‌റൂമിൽ ഫോൺ കൊണ്ടുപോകുന്നതെന്ന് പറഞ്ഞു.
33.9 ശതമാനം പേർ ടോയ്‌ലറ്റിലിരുന്ന് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് പുതിയ വാർത്തകൾ അറിയാനാണെന്നും സമ്മതിച്ചു. പഠനത്തിൽ പങ്കെടുത്ത 24.5 ശതമാനം ആളുകൾ വാഷ്‌റൂമിലിരുന്ന് മെസ്സേജ് ചെയ്യാനും ഫോൺ വിളിക്കാനും പോലും ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചു.