ഗതാഗത നിയമലംഘനങ്ങള്‍ പാലിക്കുന്നതിനുള്ള ബോധവത്കരണങ്ങള്‍ രാജ്യത്തുടനീളം പോലീസ്, ഗതാഗത വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുമ്പോഴും മത്സരിച്ചുള്ള നിയമലംഘനങ്ങളാണ് വാഹന ഉപയോക്താക്കള്‍ നിരത്തില്‍ നടത്തുന്നത്. കോടി കണക്കിന് രൂപയാണ് ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയായി സര്‍ക്കാര്‍ ഖജനാവുകളില്‍ എത്തുന്നത്. അതേസമയം, ചുമത്തിയിട്ടുള്ള പിഴയുടെ മൂന്നിലൊന്ന് പോലും നിയമലംഘകര്‍ അടച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാര്‍സ് 24 പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2024-ല്‍ 12,000 കോടി രൂപ പിഴയിട്ടുള്ള ചല്ലാനുകളാണ് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. ഇതില്‍ ഏകദേശം 9000 കോടി രൂപയും അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഗതാഗത നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയുടെ മൂന്നിലൊന്ന് പോലും അടച്ചിട്ടില്ലെന്ന് സാരം. ഗതാഗത നിയമലംഘനങ്ങള്‍ പാലിക്കപ്പെടുന്നില്ലന്നത് പോലെ തന്നെ ഗൗരവകരമാണ് ഇതിനുള്ള ശിക്ഷ പോലും നടപ്പാകുന്നില്ലെന്നത്.
രാജ്യത്തുടനീളം ഗതാഗത നിയമലംഘനങ്ങള്‍ക്ക് മാത്രമായി എട്ടുകോടി ചല്ലാനുകളാണ് നല്‍കിയിട്ടുള്ളത്. രണ്ട് വാഹനങ്ങള്‍ നോക്കിയാല്‍ അതില്‍ ഒന്നിന് ചല്ലാന്‍ ലഭിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നിയമലംഘനങ്ങളില്‍ പകുതിയും അമിതവേഗത്തിനാണ്. ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാത്തതാണ് രണ്ടാം സ്ഥാനത്ത്. അനധികൃത പാര്‍ക്കിങ്, ട്രാഫിക് സിഗ്നലുകള്‍ തെറ്റിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളും എണ്ണത്തില്‍ ഏറെ മുന്നിലാണ്.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചല്ലാന്‍ ലഭിച്ചവര്‍ക്ക് ഉറച്ച ബോധ്യമുണ്ടെങ്കിലും ഇതില്‍ 25 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇത് ഗൗരവമായി എടുത്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗുരുഗ്രാം ട്രാഫിക് അധികൃതര്‍ നല്‍കുന്ന കണക്ക് അനുസരിച്ച് ഒരുദിവസം കുറഞ്ഞത് 4500 ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 10 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം.
ഹെല്‍മറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്രയാണ് ഹെല്‍മറ്റ് നോയിഡയില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്ന ഗതാഗത നിയമലംഘനം. മൂന്നുലക്ഷം കേസുകളാണ് ഒരോ മാസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. പലപ്പോഴായി നടത്തിയ 475 നിയമലംഘനങ്ങളില്‍ നിന്നായി 2.91 ലക്ഷം രൂപ പിഴ ഈടാക്കിയ ബൈക്ക് ഉടമയും 2.05 ലക്ഷം രൂപ പിഴയൊടുക്കിയ ട്രക്ക് ഡ്രൈവറുമെല്ലാം ഇന്ത്യയിലെ ഗുരുതര നിയമലംഘകരുടെ പട്ടികയില്‍ വരുന്നവരാണ്.