കോഴിക്കോട് മെഡിക്കൽ കോളേജിൽ പുകപടർന്ന സംഭവം; ശ്വാസം കിട്ടാതെ രോ​ഗികൾ മരിച്ചതായി വിവരം, 4മൃതദേഹങ്ങൾ മോർച്ചറിയിൽ

0
27

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം. സംഭവശേഷം നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ, അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയാണ് മരിച്ചത്.

കാഷ്വാലിറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് ഇവർ മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ അധികൃതർ വ്യക്തമാക്കണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തരമായി കാഷ്വാലിറ്റി ഒരുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തു. അപകടം ഉണ്ടായ ബ്ലോക്ക്‌ ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ. അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.

രാത്രി 8മണിയോടെയാണ് അപകടം ഉണ്ടായത്. തുടർന്ന് ക്യാഷ്വാലിറ്റിയിൽ നിന്ന് പുക വലിച്ചു എടുക്കുകയായിരുന്നു. നിലവിൽ 200ൽ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക്‌ മുഴുവനും ഒഴിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയൻ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് പറ‍ഞ്ഞു. നിലവിൽ ആശുപത്രിയിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗികളെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ സൌകര്യങ്ങളും അവിടെ അവിടെ ഒരുക്കിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.

എമർജൻസി വിഭാഗത്തിലെ മുഴുവൻ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയതായി മന്ത്രി വീണ ജോർജ് പറ‍ഞ്ഞു. മുകൾ നിലകളിൽ ഉണ്ടായിരുന്ന രോഗികളെയും കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. കെട്ടിടത്തിൽ ആരും ഇല്ല എന്ന് പരിശോധിച്ചു ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇന്ന് രാത്രി എമർജൻസി സേവനം ആവശ്യമായ രോഗികൾക്ക് ബീച്ച് ഹോസ്പിറ്റലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനവും ബീച്ച് ഹോസ്പിറ്റൽ കാഷ്വാലിറ്റിയിൽ ഉറപ്പാക്കിയിട്ടുണ്ട്. യുപിഎസ് റൂമിൽ നിന്ന് പുക പടർന്നുണ്ടായ സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാങ്കേതിക അന്വേഷണം നടത്തും. സംഭവത്തെക്കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്‌സ് ഡിജിപി മനോജ് എബ്രഹാം ഇപ്പോൾ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here