ദില്ലി : ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ രാജ്യം കനത്ത സുരക്ഷയിൽ. പാക് അതിർത്തി സംസ്ഥാനങ്ങളിൽ പരിശോധനകൾ കർശനമാക്കി. ജമ്മുകശ്മീരിന് പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും സ്കൂളുകൾ അടച്ചു. പാക് അതിർത്തിയിലുള്ള 6 ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, അമൃത്സർ, ഗുരുദാസ്പൂർ, തരൻ താരൻ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ലെന്നാണ് അറിയിപ്പ്. ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. അവധിയിൽ പോയവരോട് ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ചണ്ഡിഗഡിൽ ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി. ആയുഷ്മാൻ ആരോഗ്യമന്തിറുകളിലെ മെഡിക്കൽ ഓഫീസർമാർക്കും ജീവനക്കാർക്കും ഉടൻ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടിക്ക് എത്താൻ തയ്യാറായിരിക്കണമെന്നാണ് നിർദ്ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജീവനക്കാർക്ക് അവധി നൽകില്ല.