ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള വെടിനിര്‍ത്തലിന് ധാരണയായതായി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയതെന്നും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 3.35-ന് പാകിസ്താന്റെ ഡയറക്ടേഴ്‌സ് ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില്‍ ബന്ധപ്പെട്ടതായും കരയിലൂടെയും ആകാശമാര്‍ഗവും സമുദ്രത്തിലൂടെയും ഉള്ള പൂര്‍ണവെടിനിര്‍ത്തലിന് ഇരുവരും തമ്മില്‍ തീരുമാനത്തിലെത്തിയതായും ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായും വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ധാരണ നടപ്പാക്കാനുള്ള നിര്‍ദേശം ഇരുഭാഗങ്ങളിലും നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടേയും ഡിജിഎംഒമാര്‍ തമ്മില്‍ തിങ്കളാഴ്ച്ച(മേയ് 12-ന്) പന്ത്രണ്ട് മണിക്ക് വീണ്ടും ചര്‍ച്ച നടത്തുമെന്നും മിസ്രി അറിയിച്ചു.