കാസർകോട് ∙ ദേശീയപാത ഒന്നാം റീച്ചായ തലപ്പാടി മുതൽ ചെങ്കള വരെ സർവീസ് റോഡിൽ 77 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിലവിൽ വരും. കുമ്പള ദേവീ നഗറിൽ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നത് പൂർത്തിയായി. മറ്റ് 76 ഇടങ്ങളിലെ കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്ന ജോലി രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും.
നേരത്തെ 64 ഇടങ്ങളിലെ പട്ടിക ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 13 ബസ് കാത്തിരിപ്പു കേന്ദ്രം കൂടി ഉൾപ്പെടുത്തുകയായിരുന്നു. 5.5 മീറ്റർ നീളം, 2.7 മീറ്റർ ഉയരം, 1.8 മീറ്റർ വീതി എന്നിങ്ങനെയാണ് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിക്കുന്ന റെഡിമെയ്ഡ് കാത്തിരിപ്പു കേന്ദ്രത്തിന്റെ അളവ്. യാത്രക്കാർക്ക് ഇരിക്കാൻ 4 മീറ്റർ നീളത്തിലുള്ള ബെഞ്ച് ഉണ്ടാകും. പാലം ഒഴികെയുള്ള ഇടങ്ങളിലാണ് ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുക.