കാസർകോട് ∙ ദേശീയപാതയിലെ ദുരന്തനിവാരണ പഠനത്തിനായി കലക്ടർ നിയോഗിച്ച വിദഗ്ധസമിതി 41 കേന്ദ്രങ്ങളിലായി 56 സ്ഥലങ്ങളിൽ അപകടസാധ്യതയുള്ളതായി കണ്ടെത്തി, പരിഹാരങ്ങളും നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കാലവർഷം ആരംഭിക്കുന്നതിനു മുൻപു മണ്ണിടിച്ചിലും വെള്ളക്കെട്ടും തടയാൻ നടപടി സ്വീകരിക്കാൻ കലക്ടർ കെ.ഇമ്പശേഖർ നിർദേശം നൽകി. ദേശീയപാതയിലെ ദുരന്തനിവാരണത്തിനു പ്രഥമ പരിഗണന നൽകുമെന്നു കലക്ടർ പറഞ്ഞു. ദുരന്തനിവാരണ പ്രവൃത്തി ഉറപ്പുവരുത്താൻ നിരീക്ഷണത്തിനു തഹസിൽദാർമാരെ ചുമതലപ്പെടുത്തി.
ജനപ്രതിനിധികളുടെ യോഗം ചേർന്നു നിർദേശങ്ങൾ സ്വീകരിച്ചു. കുന്നിടിച്ചിൽ ഭീഷണി, സമീപപ്രദേശങ്ങളിൽ വെള്ളം കയറുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങൾ, ഓവുചാൽ സംവിധാനത്തിലെ അപാകത, ഗതാഗതതടസ്സം, പ്രധാനപാതയിലെയും പാർശ്വപാതകളിലെയും വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളാണു യോഗത്തിൽ അവതരിപ്പിച്ചത്. കൂടുതൽ പ്രദേശങ്ങളിൽ പ്രശ്‌നങ്ങളുള്ളതായി ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. റവന്യു ഉദ്യോഗസ്ഥരെ കാലവർഷത്തിനു മുൻപേ, ഇതിനായി നിയോഗിച്ചതായും കലക്ടർ അറിയിച്ചു.
യോഗത്തിൽ കലക്ടർ കെ.ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കലക്ടർ റമീസ് രാജ, നഗരസഭാ അധ്യക്ഷരായ അബ്ബാസ് ബീഗം, കെ.വി.സുജാത, ടി.വി.ശാന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ യു.പി.താഹിറ, ഷമീറ ഫൈസൽ, ഖാദർ ബദരിയ, സുഫൈജ അബൂബക്കർ, അരവിന്ദാക്ഷൻ, എം.കുമാരൻ, സി.വിപ്രമീള, പി.പി പ്രസന്നകുമാരി, മംഗൽപാടി, മഞ്ചേശ്വരം, തുടങ്ങിയവർ പ്രസംഗിച്ചു. 24നു കലക്ടറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരും.
കുന്നിടിച്ച ഭാഗങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ മന്ത്രിക്ക് നിവേദനം
കാസർകോട് ∙ ദേശീയപാതയിൽ കുന്നിടിച്ച ഭാഗങ്ങളിൽ പരിശോധനയും സുരക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ദേശീയപാത വികസനത്തിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കുന്നുകൾ ഇടിച്ചിട്ടുണ്ട്. ശരിയായ അലൈൻമെന്റ് ലഭ്യമാകാൻ അതല്ലാതെ മറ്റു മാർഗങ്ങളില്ല. എന്നാൽ ചെറുവത്തൂരിൽ കഴിഞ്ഞ ദിവസം റോഡ് പണിയിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളി മണ്ണിടിഞ്ഞു മരിക്കുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ചെർക്കള-തെക്കിൽ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണികൊണ്ട് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. ഇവിടങ്ങളിൽ ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും മുൻകയ്യെടുത്ത് പരിശോധന നടത്തുകയും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ മഴയ്ക്ക് മുൻപുതന്നെ ഏർപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ് ഷാലു മാത്യു, ട്രഷറർ കെ.സബീഷ് എന്നിവർ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.കെ.ശബരീഷ് കുമാറിന് നിവേദനം കൈമാറി. സ്ഥിതിഗതികൾ വിലയിരുത്തി സത്വര നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിക്ക് അടിയന്തിര നിർദേശം നൽകുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.