ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാകിസ്ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഒപ്പം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ലാഹോറിൽ വ്യോമ ഗതാഗതത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോർ. വാഗാ അതിർത്തിയിൽ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ലാഹോറിലെത്താം. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ആക്രമണം ഭയന്നാണോ പാകിസ്ഥാൻ സുരക്ഷാ വിന്യാസം കൂട്ടിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഇന്നലെ രാത്രി പഞ്ചാബ് അതിർത്തിയിൽ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങളും ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുമായി സമ്പർക്കം നടത്തുകയാണെന്ന് പാകിസ്ഥാൻ്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ പ്രതികരിച്ചിട്ടുണ്ട്. ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാക് വിദേശകാര്യ മന്ത്രി കൂടിയായ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിൽ സമ്പർക്കത്തിലെന്നാണ് പ്രതികരണം. ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്‌മീരിലെ അതിർത്തി മേഖലയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്‌വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഇന്നലെ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനിൽ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന കേന്ദ്രം നൽകി. കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.