മംഗളൂരു: മംഗളൂരുവിൽ ഇന്നലെ ക്രൂരമായി കൊലചെയ്യപ്പെട്ട വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ സുഹാസ് ഷെട്ടി (30) നേരത്തെ കാട്ടിപ്പള്ളയിൽ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി. മൂന്ന് വർഷം മുമ്പാണ് ഫാസിലിനെ തുണിക്കടയിൽ കയറി ഒരു സംഘം വെട്ടിക്കൊന്നത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിലായിരുന്നു ഫാസിലിന്‍റെ കൊല.
ഫാസിൽ കൊലക്കേസിലെ ഒന്നാം പ്രതിയാണ് ഇന്നലെ കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. മംഗളൂരു നഗരത്തിന്‍റെ സമീപമേഖലയായ കിന്നിപ്പടവ് ക്രോസിന് സമീപം ഷെട്ടിയും കൂട്ടുകാരും സഞ്ചരിച്ച കാർ രണ്ടു വാഹനങ്ങളിലെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു.
‘രാത്രി 8.27ഓടെയാണ് കിന്നിപ്പടവ് ക്രോസിന് സമീപം ആക്രമണമുണ്ടായത്. സഞ്ജയ്, പ്രജ്വാൾ, അൻവിത്ത്, ലതീഷ്, ശശാങ്ക് എന്നിവരോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു സുഹാസ് ഷെട്ടി. ഒരു സ്വിഫ്റ്റ് കാറിലും പിക്കപ്പ് വാഹനത്തിലുമായി എത്തിയ സംഘമാണ് തടഞ്ഞുനിർത്തിയത്. ആറോളം പേരടങ്ങുന്ന അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഷെട്ടിയെ ആക്രമിച്ചു, ഗുരുതരമായി പരിക്കേറ്റു’ -അഗർവാൾ അറിയിച്ചു.
മാരകമായി പരിക്കേറ്റ സുഹാസ് ഷെട്ടിയെ മംഗളൂരു സിറ്റിയിലെ എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ബാജ്‌പെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമികളെ എത്രയും വേഗം പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് കമീഷണർ പറഞ്ഞു. സുഹാസ് ഷെട്ടിയെ വെട്ടിക്കൊല്ലുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
2022 ജൂലൈ 28നായിരുന്നു കാട്ടിപ്പള്ളയിലെ മംഗലപേട്ടയിൽ താമസിച്ചിരുന്ന മുഹമ്മദ് ഫാസിലിനെ സൂറത്ത്കലിലെ ഒരു വസ്ത്രശാലയ്ക്ക് പുറത്ത് മുഖംമൂടി ധരിച്ച അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതിയായ ഷെട്ടിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ മറ്റ് അഞ്ച് കേസുകളുണ്ട്. ഒരു കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. രണ്ടെണ്ണത്തിൽ നിന്ന് വിട്ടയച്ചു. ബാക്കിയുള്ളവ വിചാരണയിലാണ്. നിലവിൽ ജാമ്യത്തിലായിരുന്നു ഷെട്ടി.
ഷെട്ടി വധത്തെ തുടർന്ന് മംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. പ്രശ്നബാധിത മേഖലകൾ നിരീക്ഷിക്കാൻ കൂടുതൽ സേനയെ വിന്യസിച്ചു.
ഞായറാഴ്ച മലയാളിയായ അഷ്‌റഫ് എന്ന യുവാവിനെ ക്രിക്കറ്റ് മത്സരത്തിനിടെ സംഘ്പരിവാർ ബന്ധമുള്ള ആൾക്കൂട്ടം തല്ലിക്കൊന്നതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലവിലുണ്ട്. ഷെട്ടിയുടെ കൊലപാതകത്തോടെ സാഹചര്യം കൂടുകൽ വഷളാകാതിരിക്കാൻ പൊലീസ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയാണ്.
അതേസമയം, ഷെട്ടിയുടെ കൊലപാതകത്തിൽ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി നേതാവും മംഗളൂരു സൗത്ത് എം.എൽ.എയുമായ ഡി. വേദവ്യാസ് കാമത്ത് രംഗത്തെത്തി. സുഹാസ് ഷെട്ടിയുടെ മരണത്തിന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് നേരിട്ട് ഉത്തരവാദി. എസ്.ഡി.പി.ഐ, പി.എഫ്.ഐ തുടങ്ങിയ തീവ്രവാദ സംഘടനകൾക്കെതിരായ കേസുകൾ പിൻവലിക്കുന്നതിലൂടെ സർക്കാർ അവരുടെ അക്രമ പ്രവർത്തനങ്ങളെ പരോക്ഷമായി പിന്തുണച്ചിരിക്കുകയാണെന്ന് കാമത്ത് പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.