കുമ്പള: ദേശീയപാത 66-ൽ ആരിക്കാടി കടവ് ജങ്‌ഷനിൽ സ്ഥാപിക്കുന്ന താത്കാലിക ടോൾഗേറ്റ് നിർമാണം കേന്ദ്ര-സംസ്ഥാന സർക്കാർ തീരുമാനത്തിനു ശേഷം നടത്താൻ ധാരണ. കളക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച കളക്ടറേറ്റിൽ ചേർന്ന എംപി, എംഎൽഎമാർ, ദേശീയപാത അതോറിറ്റി, കരാർ കമ്പനി അധികൃതർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
എംഎൽഎമാർ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി വിഷയം അവതരിപ്പിക്കും. ആരിക്കാടിയിലെ താത്കാലിക ടോൾഗേറ്റിനെതിരെ പ്രദേശത്ത് ഉയർന്നുവരുന്ന പ്രതിഷേധവും ബന്ധപ്പെട്ടവരെ അറിയിക്കും. കേന്ദ്ര-സംസ്ഥാന തീരുമാനങ്ങൾക്ക് ശേഷമായിരിക്കും തുടർനടപടികൾ. അതുവരെ ടോൾഗേറ്റ് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവെക്കും.
തലപ്പാടിയിൽ ടോൾഗേറ്റ് ഉണ്ടായിരിക്കേ 20 കിലോമീറ്റർ പരിധിയിൽ മറ്റൊരു ടോൾഗേറ്റ് നിർമാണം അംഗീകരിക്കാൻ കഴിയില്ലെന്നാണ് കർമസമിതി പറയുന്നത്. കരാർ കമ്പനി അധികൃതർ ടോൾഗേറ്റ് നിർമാണത്തിനായി പണിത കുഴികൾ കർമസമിതി പ്രവർത്തകർ നികത്തിയിരുന്നു.
നിർമാണ ജോലികൾ നിർത്തിവെച്ചിരുന്നുവെങ്കിലും ദിവസങ്ങൾക്ക് മുൻപ് പോലീസ് സംരക്ഷണത്തിൽ ജോലി ആരംഭിക്കാൻ ശ്രമം നടത്തിയിരുന്നു. കരാർ കമ്പനി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കളക്ടർക്ക് കത്തും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ യോഗം വിളിച്ചത്.
അടുത്ത റീച്ച് പൂർത്തിയാകുമ്പോൾ ടോൾ പിരിവ് അവസാനിക്കും