മംഗളൂരു: സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഉള്ളാളിൽ മത്സ്യത്തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റൗഡിഷീറ്റർ കൊടിക്കേരി ലോകേഷിനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ബാജ്‌പെക്ക് സമീപം സുഹാസ് ഷെട്ടിയെ മാരകായുധങ്ങൾ ഉപയോഗിച്ച് വധിച്ചിരുന്നു. പിറ്റേന്ന് തന്നെ മീൻ വിൽക്കുകയായിരുന്ന ലുഖ്മാനെ ലോകേഷും കൂട്ടാളികളും ആക്രമിച്ചത്. വെള്ളിയാഴ്ച മംഗളൂരു നഗരത്തിൽ മീൻ വിൽക്കുകയായിരുന്ന ലുഖ്മാനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന സ്ത്രീ ഭയന്ന് നിലവിളിച്ചതിനാൽ സംഘം പിന്മാറി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. ഷെട്ടിയുടെ കൊലപാതകത്തിന് പ്രതികാരമായിട്ടായിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തി. പരിക്കേറ്റ ലുഖ്മാൻ ആശുപത്രിയിൽ ചികിത്സയിലാണ്.