തിരുവനന്തപുരം: കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ട് ജില്ലകളിലെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (26-05-2025) അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെഷ്യൽ ക്ലാസുകളും പ്രവർത്തിക്കരുതെന്ന് നിർദേശമുണ്ട്.
അതേസമയം, സംസ്ഥാനത്തിന് ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ബാക്കി ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പാണ്. നാളെയും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയും ഒഴികെ ബാക്കി എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്കാണ് കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
കണ്ണൂർ ജില്ലയിലെ അവധി അറിയിപ്പ്
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ മെയ് 26 തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കോഴിക്കോട് മഴക്കെടുതിയില്‍ ഒരു മരണം
കോഴിക്കോട് മഴക്കെടുതികള്‍ തുടരുന്നു. വില്ല്യാപ്പള്ളിയില്‍ ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി പ്രദേശവാസിയായ പവിത്രന്‍ എന്നയാളാണ് മരിച്ചത്. ഇടവിട്ട് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ വിലങ്ങാടുള്ള ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ രാത്രി ഇവിടെ ഒരു വീടിന്റെ വശത്തേക്ക് മണ്ണിടിഞ്ഞു വീണിരുന്നു. മുക്കം വാലില്ലാപ്പുഴയില്‍ സംരക്ഷണഭിത്തി കിടപ്പുമുറിയിലേക്ക് ഇടിഞ്ഞ് വീണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. വാലില്ലാപ്പുഴ സ്കൂളിന് സമീപം ഒളിപാറമ്മല്‍ അജിയുടെ മകള്‍ അന്‍ഹയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടില്‍പ്പാലത്ത് കുറ്റ്യാടിപ്പുഴയുടെ കൈവഴിയായ കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞതിനെത്തുടര്‍ന്ന് നാലു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ദേശീയ പാത നിര്‍മ്മാണം നടക്കുന്ന പയ്യോളിയില്‍ ഇന്നലെ രാത്രി വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്. ഇതോടെ അയനിക്കാട് മുതല്‍ പെരുമാള്‍പുരം വരെ രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിട്ടു. ഒളവണ്ണയില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് മറിഞ്ഞുവീണു. ഇരുചക്ര വാഹനക്കാരി ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കോരപ്പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണം. ചോമ്പാല മുതല്‍ കടലുണ്ടിവരെ നാളെ രാത്രി എട്ടരവരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ നാളെയും റെഡ് അലര്‍ട്ടാണ്.