കോവിഡ് ലോകത്ത് വീണ്ടും പിടിമുറുക്കുന്നുവോ? ലോകത്തിന്റെ വിവിധ കോണുകളിലായി വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവിഭാഗമായ ജെഎന്‍ വണ്ണിന്റെ എല്‍എഫ് 7, എന്‍ബി 1.8 എന്നീ വകഭേദങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏഷ്യന്‍ രാജ്യങ്ങളായ സിങ്കപ്പൂരിലും തായ്ലന്‍ഡിലും ഹോങ്കോങ്ങിലും കോവിഡ് കേസുകള്‍ വളരെ വേഗത്തില്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണ്. സിങ്കപ്പൂര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് പുതുതായി 15,000ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തായ്ലന്‍ഡില്‍ 33,000 കേസുകളും ബാങ്കോക്കില്‍ 6000 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഹോങ്കോങ്ങില്‍ മാര്‍ച്ച് മാസത്തില്‍ 1.7 ശതമാനമായിരുന്നു കോവിഡ് നിരക്ക്. ചൈനയിലും പുതിയ കേസുകളില്‍ വര്‍ദ്ധനവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്.
ബംഗളൂരുവില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചത്. മേയ് 22ന് റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു.
മേയ് 21 ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കര്‍ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചത്. കേരളത്തിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. മേയ് മാസത്തില്‍ ഇതുവരെ സംസ്ഥാനത്തൊട്ടാകെ 182 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
കോട്ടയം ജില്ലയില്‍ 57 കേസുകളും, എറണാകുളം ജില്ലയില്‍ 34 കേസുകളും, തിരുവനന്തപുരത്ത് 30 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ഈ മൂന്ന് ജില്ലകളിലും പ്രത്യേക ശ്രദ്ധ വേണം. പ്രായമായവരും ഗര്‍ഭിണികളും വീടിനുള്ളില്‍ തന്നെ കഴിയണം. ജനസാന്ദ്രതയുള്ളതോ വായുസഞ്ചാരം കുറവുള്ളതോ ആയ സ്ഥലങ്ങളില്‍ ശ്രദ്ധ പാലിക്കണമെന്നും ഒപ്പം ശുചിത്വം പാലിക്കാനും മാസ്‌ക് ധരിക്കാനും ജനങ്ങളോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
പനി, ചുമ, തൊണ്ടവേദന, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകാനും അസുഖം വന്നാല്‍ പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. രാജ്യത്ത് ഇന്ന് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ആകെ കൊവിഡ് കേസുകളുടെ എണം 257 ആണ്. ലോകരാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.