ന്യൂഡൽഹി: ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ നടത്തിയ ആക്രമണനീക്കത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാകിസ്താനിലെ ലഹോറിലും പഞ്ചാബിലും ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും സിയാൽക്കോട്ടിലും ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.
പാകിസ്താന്‍റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യൻ ആക്രമണത്തിൽ നിർവീര്യമായി. ലഹോറും കറാച്ചിയും ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ വരുന്നു.
തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊള്ളാതെ അതിർത്തിയിൽ പാകിസ്താൻ വീണ്ടും പ്രകോപനം തുടർന്നതാണ് ഇന്നത്തെ ആക്രമണത്തിനിടയാക്കിയത്. ജമ്മു, രാജസ്ഥാനിലെ ജയ്സാൽമീർ ഉൾപ്പെടെ വിവിധയിടങ്ങളിലേക്ക് മിസൈലുകൾ പാകിസ്താനിൽ നിന്ന് തൊടുത്തു. എന്നാൽ, ഇന്ത്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ തടുത്തു. ജമ്മുവിൽ പലയിടത്തും സ്ഫോടന ശബ്ദം കേട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് പാക് യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്. ഒരു എഫ്-16, രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളെ ഇന്ത്യൻ സൈന്യം തകർത്തതായാണ് പുറത്തുവരുന്ന വിവരം.
ജമ്മു വിമാനത്താവളത്തെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് പാക് മിസൈലുകൾ തൊടുത്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, എട്ട് മിസൈലുകളെയും ആകാശത്തു വെച്ച് തന്നെ തകർത്തു. അതേസമയം, ഒരു ഡ്രോൺ ജമ്മു വിമാനത്താവളത്തിൽ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. നിരവധി പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു.
അതേസമയം, രാജസ്ഥാനിലെ ജയ്സാൽമീറിലും പാക് ഡ്രോൺ വെടിവെച്ചിട്ടു. ജമ്മുവിലും രാജസ്ഥാനിലെ വിവിധ നഗരങ്ങളിലും വൈദ്യുതിബന്ധം സമ്പൂർണമായി വിച്ഛേദിച്ചു.